അമ്പലപ്പുഴ: കൊട്ടിഗ്ഘോഷിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നടത്തിയെങ്കിലും വേണ്ട പ്രയോജനം ലഭിച്ചിട്ടില്ല.
ന്യൂറോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി, നെഫ്രോളജി, ജെനിറ്റോയൂറിനറി സര്‍ജറി, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രൈനോളജി, ന്യൂറോസര്‍ജറി എന്നിങ്ങനെ ഒമ്പത് സ്പെഷാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നത്.
കൂടാതെ ഐ.സി.യു ഉള്‍പ്പെടെ 250 പുതിയ കിടക്കകള്‍ വരുന്നതോടെ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുങ്ങുമെന്നുമായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്.
എന്നാല്‍, കാര്‍ഡിയോളജി,കാര്‍ഡിയോ തൊറാസിക്,ന്യൂറോളജി,ഗ്യാസ്ട്രോ എന്‍ട്രോളജി എന്നീ വിഭാഗങ്ങളുടെ ഒ.പിമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കിടത്തിച്ചികിത്സ പഴയ കെട്ടിടത്തില്‍ തന്നെയാണ്.
മതിയായ ജീവനക്കാരെ നിയമിക്കാനാകാത്തതാണ് പ്രധാന തടസ്സം. ഡോക്ടര്‍,നഴ്സ്,പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 200ൽ അധികം ഒഴിവുകളാണുള്ളത്. വിവിധ വിഭാഗങ്ങളില്‍ ശസ്ത്രക്രിയക്കുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ആരംഭിച്ചത്. എട്ട് മോഡുലാര്‍ ഓപറേഷന് തിയറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ജനുവരി 21നായിരുന്നു സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിെൻറ ഉദ്ഘാടനം. 173.18 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ 120 കോടി രൂപ കേന്ദ്ര സര്‍ക്കാറും 53.18 കോടി രൂപ കേരള സര്‍ക്കാറുമാണ് ചെലവഴിച്ചിട്ടുള്ളത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനായി 54.35 കോടി രൂപയും ചെലവിട്ടു.
2014-ലാണ് പദ്ധതി ആരംഭിച്ചതെങ്കിലും 2016-ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ആറ് നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ആശുപത്രി പണികഴിപ്പിച്ചത്.
മാലിന്യസംസ്കരണ പ്ലാന്റ്, 1000 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, എയര്‍ കണ്ടീഷനിങ്, ആറ് ലിഫ്റ്റ് എന്നിവ ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
അത്യാധുനിക സി.ടി സ്കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എക്സ്റേ യൂനിറ്റ് എന്നിവക്ക് പുറമെ സൗരോര്‍ജ പാനല്‍, പാര്‍ക്കിങ് സൗകര്യം എന്നിവയും പുതിയ സമുച്ചയത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.