ആലപ്പുഴ: സർവോദയപുരം മാലിന്യപ്ലാന്റിലെ രണ്ടാംഘട്ട ബയോമൈനിങ് പദ്ധതിയുമായി ആലപ്പുഴ നഗരസഭ. ഇ-ടെൻഡർ നടപടിയില്‍ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ എം.സി.കെ കുട്ടി എന്‍ജിനീയറിങ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് സ്ഥാപനത്തിന് സെലക്ഷന് നോട്ടീസ് നല്കാന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ബയോമൈനിങ് ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച പ്രവർത്തനം കൗൺസിലർമാരെ അറിയിച്ചില്ലെന്ന് കാണിച്ച് വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി.
ആദ്യഘട്ടത്തില്‍ വകയിരുത്തിയ തുകയില്‍ അവിടത്തെ മാലിന്യം പൂര്‍ണമായും ബയോമൈനിങ് നടത്താന്‍ സാധിക്കാത്തതിനാലാണ് രണ്ട് ഘട്ടമായി ക്രമീകരിച്ചതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും 3.70 കോടി വീതമാണ് ചെലവ്.
ശുചിമുറി മാലിന്യ സംസ്കരണത്തിന് മൊബൈല്‍ ട്രീറ്റ്മെന്റ് യൂനിറ്റ് സംവിധാനത്തിനും അംഗീകാരം നൽകി. അമൃത് പദ്ധതിയിൽപെടുത്തി രണ്ട് മൊബൈൽ സെപ്റ്റേജ് യൂനിറ്റ് വാങ്ങാനുള്ള പദ്ധതിയാണിത്. വീടുകളിലെയും സ്ഥാപനങ്ങളിലേയും സെപ്റ്റേജ് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിയാണിത്. മൊബൈൽ യൂനിറ്റിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ആവശ്യമായ ട്രീറ്റ്മെൻറ് സംവിധാനം വാഹനത്തിൽതന്നെ പ്രവർത്തന സജ്ജമാക്കും. ട്രീറ്റ് ചെയ്യുമ്പോഴുള്ള ഖരമാലിന്യം സംസ്കരണ യൂനിറ്റിൽ എത്തിച്ച് വളമാക്കും.
നഗരസഭ കേരള അര്‍ബന്‍ ആൻഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോർപറേഷന് ലിമിറ്റഡ് ഫണ്ട് വിനിയോഗിച്ച് ടൗൺഹാൾ അണ്ടര്‍ ഗ്രൗണ്ട് അടക്കം മൂന്ന് നിലകളിലായി ആധുനിക രീതിയില്‍ നിര്‍മിക്കും. 15 കോടിയുടെ പദ്ധതിയിലൂടെ കല്യാണമണ്ഡപം, മീറ്റിങ് ഹാൾ, ഡൈനിങ് ഹാൾ കിച്ചണ്‍, പാർക്കിങ്, വിശ്രമമുറി എന്നിവ ഉൾപ്പെടുത്തിയാണ് ടൗൺഹാൾ നവീകരിക്കാൻ രൂപരേഖ സമർപ്പിച്ചിട്ടുണ്ട്.
നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, കൗൺസിലർമാരായ സൗമ്യരാജ്, അഡ്വ. റീഗോ രാജു, ഡി.പി. മധു, പി. രതീഷ്, അരവിന്ദാക്ഷന്, ബി. അജേഷ്, മനു ഉപേന്ദ്രന്, ആര്. രമേഷ്, ബീനരമേശ്, ബിജി ശങ്കര്‍, കൊച്ചുത്രേസ്യാമ്മ ജോസഫ്, പി. റഹിയാനത്ത്, ഹെലന് ഫെര്‍ണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.