ആറാട്ടുപുഴ (ആലപ്പുഴ): ഗതാഗതനിയമങ്ങൾക്ക് പുല്ലുവില കൽപിച്ച് നിരത്തിലൂടെ ബൈക്കുകളിൽ മരണപ്പാച്ചിൽ നടത്തി അപകടങ്ങൾ അഹങ്കാരമാക്കിയ ഫ്രീക്കൻമാർക്കെതിരെ കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ച കാർത്തികപ്പള്ളി മഹാദേവികാട് സുജിത ഭവനത്തിൽ സുജീഷ് (22), ആകാശ് സജികുമാർ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്ത്.
പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അമിതവേഗം അലങ്കാരമല്ലെന്നും അഹങ്കാരമാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രസ്താവിച്ചാണ് നിരത്തുകൾ ഇവർ കൊലക്കളങ്ങളാക്കുന്നത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് ഫ്രീക്കൻമാരുടെ വഴിവിട്ടതും അപകടകരവുമായ പുതിയ പ്രവണതകൾ പുറം ലോകമറിഞ്ഞത്. വിഡിയോ വൈറലാകാൻ ഇവർ മനഃപ്പൂർവം അപകടം സൃഷ്ടിക്കുകയായിരുന്നു.
140 കിലോമീറ്റർ വേഗത്തിൽ തിരക്കുള്ള റോഡിൽ ബൈക്ക് പായിക്കുന്ന വിഡിയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ എൻഫോഴ്സ്മെൻറാണ് യുവാക്കളെ പിടികൂടിയത്. ബൈക്കുകളും പിടിച്ചെടുത്തു. ലൈസൻസ് മോട്ടോർ വെഹിക്കിൾ വകുപ്പ് റദ്ദാക്കി. നിർധന കുടുംബത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.