അരൂർ: കനത്ത മഴയിൽ അരൂര്‍, ചേർത്തല മണ്ഡലങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. പട്ടണക്കാട്, കുത്തിയതോട്, അരൂർ വൈദ്യുതി സെക്ഷനുകളിൽ പലയിടത്തും മരങ്ങൾ വീണ് കമ്പി പൊട്ടി. അരൂർ പഞ്ചായത്ത് നാലാം വാർഡ് കോട്ടപ്പുറം ഉണ്ണിയമ്പത്തറ ക്ഷേത്രപരിസരത്ത് ശനിയാഴ്ച ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും വലിയ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
അരൂർ ഏഴാം വാർഡിൽ ഇല്ലത്തുപടി ട്രാൻസ്ഫോർമറിന്റെ പ്രദേശത്തെ ലൈനുകളിൽ മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം നിലച്ചു. ഞായറാഴ്ച വൈകീട്ടാണ് പുനഃസ്ഥാപിക്കാനായത്. എഴുപുന്ന എൻ.കെ. രാമൻ ട്രാൻസ്ഫോർമറിന്റെ പരിസരത്തുള്ള ലൈനുകളിൽ മരം വീണ് വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു. എരമല്ലൂർ കോങ്കേരിൽ പാലത്തിനരികിൽ മരം വീണ് ലൈനുകൾ പൊട്ടി. അരൂർ വൈദ്യുതി സെക്ഷൻ ഓഫിസിലെ ജീവനക്കാർ ആശ്രാന്ത പരിശ്രമം നടത്തിയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.
തങ്കിക്കവലക്ക് സമീപം തെങ്ങ് വീണതിനെത്തുടർന്ന് നാലു ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങി. ഏകദേശം 15,000 വീടുകളിലെ വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെട്ടു. പട്ടണക്കാട് സെക്ഷനു കീഴിൽ മരച്ചില്ലകൾ വീണ് ഏഴിടത്ത് വൈദ്യുതി കമ്പി പൊട്ടി. 10 സ്ഥലത്ത് മരം വീണു. മൂന്നു പോസ്റ്റുകൾ ഒടിഞ്ഞു.
കുത്തിയതോട് സെക്ഷനു കീഴിൽ ആറിടത്ത് കമ്പി പൊട്ടി. 12 സ്ഥലങ്ങളിൽ മരം വീണു. മൂന്നു പോസ്റ്റുകളൊടിഞ്ഞു. മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസ്സം ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കി. നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.