അരൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ ഇരുഭാഗവും തുറന്ന് ഗതാഗതം അനുവദിച്ചു. എന്നിട്ടും യാത്രാദുരിതം ഒഴിഞ്ഞില്ല. കനത്ത മഴയിൽ റോഡിലെ പല ഭാഗങ്ങളും വെള്ളത്തിലായി. മൂന്നുദിവസം അടച്ചിട്ട് നിർമാണം നടത്തിയെങ്കിലും കുഴികൾ പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗത തടസ്സവും പൂർണമായി ഒഴിവായിട്ടില്ല. ദേശീയപാതയുടെ പടിഞ്ഞാറെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ട് നിർമാണം നടത്തിയത്. ബൈപ്പാസ് ജങ്ഷൻ മുതൽ അരൂർ ക്ഷേത്രം വരെ കാര്യമായ നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. റോഡരികിൽ പുതുതായി നിർമിച്ച നടപ്പാത ദേശീയപാതയിലെ മഴവെള്ളം ഒഴുകിപ്പോകുന്നത് തടയുന്നതിനാൽ എല്ലായിടത്തും വെള്ളക്കെട്ട് തുടരുകയാണ്.
ദേശീയപാതയിൽ ഏറ്റവുമധികം തിരക്കുള്ളത് അരൂർ ക്ഷേത്രത്തിനും അരൂർ പള്ളിക്കുമിടയിലാണ്. അരൂക്കുറ്റി റോഡിലൂടെ പള്ളിപ്പുറം മുതൽ പെരുമ്പളം പാണാവള്ളി, അരൂക്കുറ്റി എന്നിവിടങ്ങളിലെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കൊച്ചി പ്രദേശങ്ങളിലെത്താൻ ആശ്രയിക്കുന്നത് ഈ മാർഗമാണ്. റോഡ് അടച്ചിട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടത്തെ നിർമാണം കാര്യക്ഷമമാക്കേണ്ടതായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ, ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ കാനയിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ യാത്രക്കാരുമായി വന്ന കാർ വീണു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പൊക്കി മാറ്റിയത്. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് അപകടകരമായ നിലയിൽ തുടരുകയാണ്. വെള്ളത്തിൽ മറഞ്ഞുകിടക്കുന്ന വലിയ കുഴികളിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതും സാധാരണയായിട്ടുണ്ട്.
സർവിസ് റോഡുകളുടെ പുനർനിർമാണം തൃപ്തികരമായിട്ടാണോ നടത്തിയിട്ടുള്ളതെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും പരിശോധിക്കണമെന്നാണ് വിവിധ സംഘടനകളുടെ അഭിപ്രായം. കഴിഞ്ഞദിവസം അരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് ഉയരപ്പാത നിർമാണം മൂലം അരൂർ നിവാസികൾ അനുഭവിക്കുന്ന യാത്രാദുരിതം ചർച്ച ചെയ്തിരുന്നു. അടുത്ത ദിവസം മാനവീയം വേദിയിൽ യാത്രാദുരിതമനുഭവിക്കുന്നവരുടെ സംഗമം നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.