അരൂർ: ഉയരപ്പാത നിർമാണം നടക്കുന്നിടത്ത് ബസ് കുഴിയിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ ഗൃഹനാഥൻ നിയമ നടപടിക്കൊരുങ്ങുന്നു. അരൂർ-തുറവൂർ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിലെ യാത്രക്കാരനായിരുന്ന അലക്സാണ്ടർ വർഗീസാണ് (53) നിയമ നടപടിക്കൊരുങ്ങുന്നത്. 18ന് ഇടക്കൊച്ചിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിന് ബസിൽ കയറിയതാണ്.
രാത്രി 8.45ഓടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസ് ചമ്മനാട് ഇ.സി.ഇ.കെ യൂനിയൻ സ്കൂളിന്റെ മുന്നിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് അലക്സാണ്ടർ വർഗീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ അലക്സാണ്ടർ വർഗീസിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി. അടുത്ത ദിവസം ഓർത്തോ സ്പെഷലിസ്റ്റ് നാലു മാസം നടുവിന് ബെൽറ്റിട്ടുള്ള വിശ്രമവും ഒന്നരമാസത്തെ ഫിസിയോതെറപ്പിയും നിർദേശിച്ചു.
ഇലക്ട്രിക് -പ്ലംബിങ് ജോലികൾ ചെയ്യുന്ന ഇദ്ദേഹം ആലപ്പുഴ, ചമ്പക്കുളത്തുള്ള നാൽപ്പാത്താറുചിറയെന്ന സ്വന്തം വീട്ടിൽനിന്ന് മാറി ഇടക്കൊച്ചി, പഷ്ണിത്തോടിനടുത്തുള്ള പഴേകാട്ടിൽ സെബാസ്റ്റ്യൻ സാബുവിന്റെ വീട്ടിൽ വാടകക്കാണ് താമസം. ഭാര്യയും മാതാവും ഭാര്യാമാതാവും കൂടെയുണ്ട്. ഏകവരുമാനം അലക്സാണ്ടറുടെ പണിയിൽനിന്നുള്ളതായിരുന്നു. നിർമാണ കമ്പനിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് അലക്സാണ്ടർ വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.