അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും റോഡരികിലെ ജനജീവിതവും ദുരിതപൂർണമായി തുടരുകയാണ്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് രാത്രിയിൽ മൂടിയില്ലാത്ത കാനയിൽ വീണതിനെ തുടർന്ന് യാത്രികരെ ഇറക്കിവിട്ടത് കഴിഞ്ഞദിവസം പുലർച്ചെ രണ്ടുമണിക്കാണ്. ചന്തിരൂർ സെൻറ് മേരീസ് പള്ളിക്ക് മുൻവശമുള്ള മൂടിയില്ലാത്ത കാനയിൽ ബസിന്റെ മുൻചക്രങ്ങൾ കുടുങ്ങുകയായിരുന്നു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസാണ് കാനയിൽ കുടുങ്ങിയത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി മറ്റ് ബസുകളിൽ കയറ്റിവിട്ടു.
ദേശീയപാതയുടെ കരാർ കമ്പനിയുടെ ക്രെയിൻ കൊണ്ടുവന്ന് ബസ് പൊക്കി ബുധനാഴ്ച രാവിലെയോടെയാണ് ബസ് കൊണ്ടുപോകാനായത്. ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം വലിയ വാഹനങ്ങൾ പോലും കാനയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ചന്തിരൂർ ഗവ. സ്കൂൾ മുതൽ കുമർത്തുപടി ക്ഷേത്രം വരെ ദേശീയപാതയോരത്ത് ഒന്നര കിലോമീറ്റർ മാത്രമുള്ള ഈ കാന നിറയെ മാലിന്യമടിഞ്ഞ് ഒഴുക്കുനിലച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്. മൂടിയില്ലാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.