കായംകുളം: വാടകവീടുകളിലെ താമസക്കാരനായ കുട്ടിപ്പൊലീസിന് പാർപ്പിട സൗകര്യമൊരുക്കിയ ജനമൈത്രി സ്റ്റേഷനിലെ എ.എസ്.െഎ ഹാരിസിന് നാടിെൻറ ബിഗ് സല്യൂട്ട്. ഗവ. ബോയ്സ് എച്ച്.എസ്.എസിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റായ രാഹുലിന് ഹാരിസ് അഞ്ചുസെൻറ് സ്ഥലമാണ് വീട് നിർമിക്കാൻ വിട്ടുനൽകുന്നത്.
പ്ലസ് ടു വിദ്യാർഥിയായ രാഹുലും കുടുംബവും വർഷങ്ങളായി വാടകവീടുകളിലാണ് കഴിയുന്നത്. ഇതുകാരണം വീട്ടിലുള്ളവരെല്ലാം പല പല മേൽവിലാസങ്ങളിലാണ് ജീവിക്കുന്നത്. നിലവിൽ പെരിങ്ങാലയിലാണ് താമസം. കൂലിപ്പണിക്കാരനായ പിതാവ് രവീന്ദ്രനും മാതാവ് പൊന്നമ്മയും പല ശ്രമങ്ങൾ സ്ഥലത്തിനായി നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇവരുടെ സങ്കടം മനസ്സിലാക്കിയ എസ്.പി.സി അഡീ. നോഡൽ ഒാഫിസർ ജയചന്ദ്രെൻറയും സ്കൂളിലെ എസ്.പി.സി ചുമതലക്കാരനായ മുനീർ മോെൻറയും ഇടപെടലിൽ വിഷയം ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിെൻറ ശ്രദ്ധയിലെത്തി. ഡിവൈ.എസ്.പി അലക്സ് ബേബി, സ്റ്റേഷൻ ഹൗസ് ഒാഫിസർ മുഹമ്മദ് ഷാഫി എന്നിവരുമായുള്ള കൂടിയാലോചനയിൽ വിഷയം ജനമൈത്രി പൊലീസിന് കൈമാറി. ഫയൽ മുന്നിലെത്തിയപ്പോൾ ചുമതലക്കാരനായ ഹാരിസ് തെൻറ കൈവശമുള്ള ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറയിലെ ഭൂമിയിൽനിന്ന് ഒരുവിഹിതം സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഇലിപ്പക്കുളം കോലേലിൽ പരേതനായ അബൂബക്കർകുഞ്ഞിെൻറ മകനായ ഹാരിസ് 26 വർഷം മുമ്പാണ് സർവിസിൽ കയറുന്നത്. ഒരുവർഷം മുമ്പാണ് കായംകുളം സ്റ്റേഷനിൽ എത്തിയത്. മാതാവ് സുഹറയുടെയും ഭാര്യ ബീനയുടെയും പിന്തുണയാണ് സദ്പ്രവൃത്തിക്ക് പ്രേരണയായതെന്ന് ഹാരിസ് പറഞ്ഞു.
29ന് വൈകീട്ട് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ വസ്തുവിെൻറ രേഖ രാഹുലിെൻറ കുടുംബത്തിന് കൈമാറും. യു. പ്രതിഭ എം.എൽ.എയുടെ നേതൃത്വത്തിൽ വീടിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.