ചാരുംമൂട്: അപകടത്തുരുത്തായി കെ.പി റോഡ്, അപകട നിയന്ത്രണ പദ്ധതികൾ ഫയലിൽ ഒതുങ്ങി. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ കണ്ണനാകുഴി കണ്ണമ്പള്ളിൽ വർഗീസ് ഡാനിയേലാണ് (64) മരിച്ചത്. കായംകുളം-പുനലൂർ റോഡിൽ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടുമുക്കിൽ രാവിലെ 10 മണി കഴിഞ്ഞായിരുന്നു അപകടം. കെ.പി റോഡിൽ അപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങളില്ല. കെ.പി റോഡിലും മേഖലയിലെ പ്രധാന റോഡുകളിലും ചെറുതും വലുതുമായ അപകടങ്ങളിൽ ഒരു വർഷത്തിനുള്ളിൽ നിരവധി ജീവനാണ് പൊലിഞ്ഞത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ടിപ്പർ ലോറികളുടെ അമിതവേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
മികച്ച നിലവാരത്തിൽ റോഡുകൾ നിർമിച്ചതോടെയാണ് വാഹനങ്ങൾ അമിത വേഗത്തിലാണ് പോകുന്നത്. വേഗപ്പൂട്ട് ഇല്ലാതെയാണ് ടിപ്പർ ലോറികളുടെ സഞ്ചാരം. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനംപോലും കാറ്റിൽ പറത്തിയാണ് ചീറിപ്പായുന്നത്. അപകട നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചാരുംമൂട് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം. മാതൃക ജങ്ഷനായി പ്രഖ്യാപിച്ച ഇവിടെ സിഗ്നൽ തെറ്റിച്ച് വാഹനങ്ങൾ കടന്നു പോയതു മൂലം നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയതിലെ അപാകതയും അപകടങ്ങൾ കാരണമാകുന്നു. അപകട നിയന്ത്രണത്തിനായി ഫ്ലെയിങ് സ്ക്വാഡുകളുടെ സേവനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പ്രവർത്തനം വല്ലപ്പോഴും മാത്രമായി. സ്വകാര്യ ബസുകൾക്ക് ചാരുംമൂട്ടിലും കറ്റാനത്തും പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുമെന്ന തീരുമാനവും നടപ്പായില്ല.
കെ.പി റോഡിലെ അപകടങ്ങൾ നിയന്ത്രിക്കാൻ റോഡിൽ ദിശ സൂചകങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ പേരിന് മാത്രമാണ് അധികൃതർ വാഹന പരിശോധന നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.