ചാരുംമൂട്: തകർന്ന പാലം നിർമിച്ച ശേഷം ബാക്കിയായ സിമന്റ് കട്ടകളിൽ പുസ്തകങ്ങളുടെ രൂപം വരച്ച് അനു കാരക്കാട് ശ്രദ്ധേയനാകുന്നു. അനുവിന്റെ സമീപവാസിയുടെ വീട്ടിലേക്കുള്ള നടപ്പാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നുപോയിരുന്നു. ഇത് അനുവിന്റെ നേതൃത്വത്തിൽ പുനർ നിർമിച്ചുനൽകിയ ശേഷം വീട്ടുമുറ്റത്ത് ബാക്കി വന്ന സിമന്റ് കട്ടകൾ കുട്ടികൾക്ക് കളിക്കാൻ തടസ്സമാകുന്നുവെന്ന് കണ്ടപ്പോൾ തോന്നിയ ആശയമാണ് ഇങ്ങനെ പുസ്തകരൂപങ്ങളായി രൂപാന്തരപ്പെട്ടതെന്ന് അനു പറഞ്ഞു.
സിമന്റ് കട്ടകളെ പ്രത്യേക രീതിയിൽ അടുക്കി അതിൽ ചളിയും സിമന്റും കൂടി യോജിപ്പിച്ച് തേച്ച് പിടിപ്പിച്ചശേഷം പെയിന്റടിച്ചാണ് പുസ്തകത്തിന്റെ പുറം ചട്ട പോലെ വരച്ചു ചേർക്കുന്നത്. ദൂരെനിന്ന് നോക്കിയാൽ പ്രശസ്തമായ എഴുത്തുകാരുടെ ചില പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നതായി തോന്നും. വ്യത്യസ്തമായ ശിൽപം കാണാൻ നിരവധി പേരാണ് എത്തുന്നത്. ഓർലണ്ടോ ഇൻറർ നാഷനൽ ഫിലിം ഫെസ്റ്റിവൽ, ലൈഫ് ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലടക്കം ഏറ്റവും മികച്ച അഞ്ച് വിദേശ ഭാഷ ഷോർട്ട് ഫിലിമുകളിൽ ഒന്നായി തെരഞ്ഞെടുത്ത ‘ദി ഗ്രീൻ ലൈൻ’ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ കൂടിയാണ് അനു കാരക്കാട്ട്.
‘റെഡ് എൻഡ്’ എന്ന മറ്റൊരു സിറോ ബജറ്റ് എക്സ്പിരിമെന്റൽ ഷോർട്ട് ഫിലിം കൂടി ചെയ്തിട്ടുണ്ട്. അനുവിന്റെ ഫോട്ടോകൾ രണ്ട് തവണ ബഹ്റൈൻ ഇന്റർനാഷനൽ ഫോട്ടോഗ്രാഫി എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നെൽസൺ മണ്ടേലയുടെ അനുഭവ കഥയിൽ ആകൃഷ്ടനായി ബോധി സോക്കർ അക്കാദമി എന്നപേരിൽ ഫുട്ബാൾ അക്കാദമി സ്ഥാപിച്ച് ഏറ്റവും ദരിദ്രമായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനവും നൽകുന്നുണ്ട്.
നിരവധി സംഘടനകളുടെ നേതൃത്വത്തിലുമുണ്ട്. ചാരുംമൂട്ടിലെ പ്രശസ്ത കമ്യൂണിസ്റ്റ് കുടുംബം കാരക്കാട്ടു വീട്ടിൽ അന്തരിച്ച പ്രശസ്ത ചിത്രകാരനും കമ്യൂണിസ്റ്റ് നേതാവും ആയിരുന്ന ശ്രീധരൻ പിള്ളയുടെയും കമ്യൂണിസ്റ്റ് നേതാവ് പരേതയായ തുളസിയമ്മയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.