ചാരുംമൂട്: മലയിടിഞ്ഞ് മരണം ഉൾപ്പെടെയുണ്ടായ പാലമേൽ മറ്റപ്പള്ളിയിൽനിന്ന് മലയിടിച്ച് മണ്ണെടുക്കാൻ വീണ്ടും നീക്കം. സുപ്രീംകോടതിയുടെയും കേന്ദ്രസർക്കാറിന്റെയും ഉത്തരവുകളുടെ വെളിച്ചത്തിലാണ് ദേശീയപാത വികസനത്തിന് മലയിടിച്ച് മണ്ണെടുക്കാനുള്ള ശ്രമം നടക്കുന്നത്. റവന്യൂ വകുപ്പു വഴിയാണ് നീക്കം നടക്കുന്നത്. ഇതിനെതിരെ പാലമേൽ പഞ്ചായത്തടക്കം നിയമപോരാട്ടങ്ങൾ നടത്തുന്നുണ്ട്. 2023 ഒക്ടോബർ, നവംബർ മാസങ്ങളിൽ മണ്ണെടുപ്പിനെതിരെ സമാനതകളില്ലാത്ത സമരങ്ങൾക്കാണ് മറ്റപ്പള്ളി സാക്ഷ്യം വഹിച്ചത്.
ജിയോളജി വകുപ്പ് നൽകുന്ന അനുമതിയുടെ മറവിൽ ഏക്കറുകണക്കിനു കുന്നിടിച്ച് മണ്ണുകൊണ്ടുപോകാനായിരുന്നു നീക്കം. അപൂർവ ജൈവവൈവിധ്യം നിറഞ്ഞതാണ് മറ്റപ്പള്ളി മല, പുലിക്കുന്ന് മല, കഞ്ചുകോട് മല, ഞവരക്കുന്ന് തുടങ്ങിയവ. ഇവിടെനിന്ന് മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ നിരവധി പ്രതിരോധങ്ങളും മുമ്പ് നാട്ടുകാർ നടത്തിയിട്ടുണ്ട്. 2018 സെപ്റ്റംബർ 12നുണ്ടായ ഭൂചലനത്തിൽ പാലമേൽ പഞ്ചായത്തിലെ ഇരുനൂറോളം വീടുകൾക്ക് വിള്ളലുണ്ടായി. മണ്ണെടുപ്പുമൂലം ഉണ്ടായ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
2008ൽ മണ്ണെടുക്കാൻ ശ്രമംനടന്നപ്പോൾ പഞ്ചായത്ത് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം സെന്റർ ഫോർ എർത്ത് സയൻസ് പാലമേൽ അടക്കമുള്ള പഞ്ചായത്തുകളിൽ പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. സെസിന്റെ റിപ്പോർട്ടുകളടക്കം പുറന്തള്ളിയാണ് ഖനനത്തിന് അനുമതി നൽകിയതും ഖനനത്തിന് ശ്രമിച്ചതും.
മറ്റപ്പള്ളി മലയിലെ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്കും മണ്ണെടുപ്പ് ഭീഷണിയാണ്. ഈ കുന്നുകളുടെ അടിവാരത്തിലാണ് കരിങ്ങാലിപ്പുഞ്ചയും പ്രദേശത്ത് ജലലഭ്യത ഉറപ്പുവരുത്തുന്ന തണ്ണീർത്തടങ്ങളുമുള്ളത്. മണ്ണെടുക്കാൻ ശ്രമിച്ചാൽ കടുത്ത സമരത്തെ നേടിടേണ്ടി വരുമെന്നു നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.