ചാരുംമൂട്: ഉൾപ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾ മതിയായ യാത്രസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. ഉൾപ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഓട്ടം നിർത്തിയതും സ്വകാര്യ ബസുകളുടെ സർവിസ് കുറഞ്ഞതുമാണ് ക്ലേശം വർധിപ്പിച്ചത്. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലെ പല വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നത് പ്രധാന റോഡിൽനിന്ന് ഏറെ അകന്നാണ്.
ബസ് റൂട്ടുള്ള റോഡിൽനിന്ന് കിലോമീറ്ററുകൾ നടന്നാണ് വിദ്യാർഥികൾ സ്കൂളിലെത്തുന്നത്. ചുനക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കുടശ്ശനാട് തണ്ടാനുവിള ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂൾ, ചത്തിയറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വേടരപ്ലാവ് ഗവ. എൽ.പി സ്കൂൾ, താമരക്കുളം ഗവ. വെൽഫെയർ എൽ.പി സ്കൂൾ, ഇടക്കുന്നം ഗവ. യു.പി സ്കൂൾ, കണ്ണനാകുഴി ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കെത്താനാണ് യാത്രസൗകര്യം കുറവ്. കാൽനടയായും ഓട്ടോകളിലുമാണ് കുട്ടികളും അധ്യാപകരുമെത്തുന്നത്.
മാവേലിക്കരയിൽനിന്ന് രാവിലെ സ്വകാര്യ ബസിൽ ആലായിലെ കോളജിലേക്ക് യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് കൊല്ലകടവുവഴി അരമണിക്കൂർകൊണ്ട് ചെറിയനാട് ജങ്ഷനിലെത്താം. അവിടെനിന്ന് കോളജിലേക്കെത്താൻ വേറെ വണ്ടിയില്ല. മൂന്നര കിലോമീറ്റർ നടക്കണം. പെൺകുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്നെത്തുന്ന വിദ്യാർഥികൾ ചെറിയനാട് ജങ്ഷനിലിറങ്ങി മൂന്നരക്കിലോമീറ്ററും ചെങ്ങന്നൂരിൽനിന്നെത്തുന്ന വിദ്യാർഥികൾ മഠത്തുംപടി ജങ്ഷനിലിറങ്ങി മൂന്നുകിലോമീറ്ററും നടക്കണം.
ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ചെറിയനാട്, ആല പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്താൻ ഗതാഗതസൗകര്യമില്ലാത്തത് വിദ്യാർഥികളെയും അധ്യാപകരെയും വലക്കുകയാണ്.സ്കൂളുകൾ സ്വന്തം നിലയിൽ വണ്ടികളിൽ വിദ്യാർഥികളെയെത്തിക്കുകയാണ്.
രണ്ട് പഞ്ചായത്തുകളിലായി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന എട്ട് സ്കൂളുകളും ഒരു കോളജുമുണ്ട്. സ്കൂൾ സമയത്ത് ഒരു സർവിസ് പോലും കെ.എസ്.ആർ.ടി.സി നടത്തുന്നില്ല.വർഷങ്ങൾക്കുമുമ്പ് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് രാവിലെ 8.30ന് ചെറിയനാടുവഴി മാവേലിക്കരക്കും വൈകീട്ട് 3.30ന് മാവേലിക്കരയിൽനിന്ന് തിരിച്ചും സർവിസുണ്ടായിരുന്നു.
നിർത്തിയത് 35ലേറെ സ്വകാര്യ ബസ്
മാവേലിക്കര: കോവിഡ് കാലത്ത് നിർത്തലാക്കിയ സ്വകാര്യബസ് സർവിസുകൾ മേഖലയിൽ പൂർണതോതിലായിട്ടില്ല. കോവിഡിന് മുമ്പ് മാവേലിക്കര വഴി 125 സ്വകാര്യ ബസുകളാണ് ഓടിയിരുന്നത്. 90ൽത്താഴെ ബസുകൾ മാത്രമാണ് ഇപ്പോഴോടുന്നത്.
മാവേലിക്കരയിൽനിന്ന് കണ്ടിയൂർ-ഈരേഴ വഴി കായംകുളം, ഉളുന്തി-ഗ്രാമം വഴി എണ്ണക്കാട്, കണ്ണമംഗലം-പത്തിയൂർ വഴി കായംകുളം, കരിപ്പുഴ-വടക്കേത്തുണ്ടം വഴി കായംകുളം, മുള്ളിക്കുളങ്ങരവഴി കുറത്തികാട് തുടങ്ങിയ റൂട്ടുകളിൽ ആവശ്യത്തിന് ബസുകളില്ലാത്തത് യാത്രക്കാരെയും സ്കൂൾ വിദ്യാർഥികളെയും കുറച്ചൊന്നുമല്ല വലക്കുന്നത്. പലരും മറ്റു സ്ഥലങ്ങളിൽ ബസിറങ്ങി കിലോമീറ്ററുകൾ നടന്നും ഓട്ടോയിലുമാണ് വീട്ടിലെത്തുന്നത്. കായംകുളം കേന്ദ്രമായ സഹകരണ സ്ഥാപനത്തിന്റെ ആറ് ബസുകൾ മാവേലിക്കര വഴി വിവിധ റൂട്ടുകളിലോടിയിരുന്നു. ഇപ്പോൾ ഒരെണ്ണം മാത്രമാണ് ഓടുന്നത്.
മാന്നാർ, ബുധനൂർ പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എട്ട് സർവിസുകളുണ്ടായിരുന്നു. ഇപ്പോൾ ഒരു കെ.എസ്.ആർ.ടി.സിയും ഒരു സ്വകാര്യ ബസും മാത്രം. പെരിങ്ങിലിപ്പുറം, കുട്ടമ്പേരൂർ, എണ്ണക്കാട് പ്രദേശങ്ങളിലുള്ള ബസുകളെ മാത്രം ആശ്രയിച്ചാണ് ഇപ്പോൾ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.