ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയും കായംകുളം -പുനലൂർ റോഡും സംഗമിക്കുന്ന ചാരുംമൂട്ടിൽ ബസുകൾ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതുമൂലം അപകടങ്ങൾ സ്ഥിരമാകുന്നു. ചാരുംമൂട് ജങ്ഷന്റെ വിവിധ ഭാഗങ്ങളിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് മുന്നിൽ ബസ് നിർത്താതെ സിഗ്നൽ ഭാഗത്ത് ആളെ കയറ്റാനും ഇറക്കാനും ശ്രമിക്കുന്നതാണ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പ്രധാന കാരണം. സിഗ്നലിനുമുമ്പേ നിർത്തുന്ന ബസുകളുടെ വാതിൽ നിയമവിരുദ്ധമായി തുറന്ന് യാത്രക്കാരെ ഇറക്കുന്നതിനാൽ പിന്നാലെവരുന്ന ഇരുചക്രവാഹനങ്ങൾ ബസുകളുടെ വാതിലിൽ തട്ടുകയും ഇറങ്ങുന്ന യാത്രക്കാരെ ഇടിച്ചിടുന്നതും സ്ഥിരമാണ്.
മുന്നറിയിപ്പില്ലാതെ ബസിന്റെ വാതിൽ തുറന്നതിനെത്തുടർന്ന് പിന്നാലെവന്ന ഇരുചക്രവാഹനം ബസിന്റെ വാതിലിൽതട്ടി വാഹനയാത്രക്കാരൻ മരണപ്പെട്ട സംഭവമുണ്ടായത് മാസങ്ങൾ മുമ്പാണ്. തുടർന്ന് പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം പഴയപടിയായി. ജങ്ഷന് പടിഞ്ഞാറുഭാഗത്തെ കാത്തിരിപ്പുകേന്ദ്രത്തോടുചേർന്ന് റോഡരികിലെ മരങ്ങളിലുള്ള ദേശാടനപ്പക്ഷികളുടെ കാഷ്ടം യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതിനാലാണ് ഈ ഭാഗത്ത് ബസ് നിർത്താത്തതെന്നാണ് ജീവനക്കാർ പറയുന്നത്. ചാരുംമൂട് ജങ്ഷനിലെ സിഗ്നൽ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പിലെയും പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചാരുംമൂട് ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും നിയമം ലംഘിച്ച് സർവിസ് നടത്തുന്ന ബസുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് വോയ്സ് ഓഫ് ചാരുംമൂട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.