ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിലെ ചത്തിയറ പാലം നിർമാണം ഇഴയുന്നതുമൂലം യാത്രക്കാർ ദുരിതത്തിൽ. 70 വർഷം പഴക്കമുള്ള പാലം തകർച്ചയിലായതോടെയാണ് 4.40 കോടി അനുവദിച്ച് പുതിയ പാലം പണി തുടങ്ങിയത്. ജനുവരിയിൽ ആരംഭിച്ച നിർമാണം മന്ദഗതിയിലായതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
പഴയ പാലം പൊളിച്ചപ്പോൾ ഇരുചക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ നിർമിച്ച താൽക്കാലിക പാലത്തിലൂടെയുള്ള യാത്രയും ദുരിതമായിരിക്കുകയാണ്. സ്റ്റീൽ ഫ്രെയിമിൽ ഇരുമ്പുഷീറ്റ് വിരിച്ച് ഇരുവശവും മണ്ണിട്ട് ഉയർത്തിയായിരുന്നു താൽക്കാലിക പാലത്തിന്റെ നിർമാണം. എന്നാൽ, സ്ഥിരമായി ഇരുമ്പ് ഷീറ്റുകൾ ഇളകി ഇരുചക്രവാഹനങ്ങളുടെ ടയർ പഞ്ചറാകുന്ന സ്ഥിതിയിലാണ്.
പരാതിയുണ്ടാകുമ്പോൾ ഇരുമ്പ് ഷീറ്റിന്റെ ഇളകിയ ഭാഗങ്ങൾ വെൽഡ് ചെയ്തുപിടിപ്പിക്കുമെങ്കിലും വീണ്ടു പഴയ സ്ഥിതിയിലാകും. മാത്രമല്ല ഒരുസമയം കഷ്ടിച്ച് ഒരു ഇരുചക്രവാഹനത്തിനോ കാൽനടയായി ഒരാൾക്കോ മാത്രമേ പാലത്തിലൂടെ പോകാൻ കഴിയൂ. മഴക്കാലമായാൽ ചളികാരണം ഇതുവഴിയുള്ള യാത്ര കൂടുതൽ അപകടസ്ഥിതിയിലാകും.
ചത്തിയറയിലെ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിനു കുട്ടികൾ ഉൾപ്പെടെയുള്ളവർ സൈക്കിളുകളിലടക്കം ഇതുവഴിയാണ് സഞ്ചരിക്കുന്നത്. മഴ പെയ്താൽ പാലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ സ്ത്രീകളടക്കമുള്ള ഇരുചക്രവാഹനയാത്രികർ തെന്നിവീണ് അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. ദിനംപ്രതി ഒട്ടധികം ആളുകളാണ് അപകടത്തിൽപെടുന്നത്.
മധ്യതിരുവിതാംകൂറിലെ പ്രധാന വ്യാപാരകേന്ദ്രമായ താമരക്കുളം മാധവപുരം പബ്ലിക് മാർക്കറ്റ്, ഓച്ചിറ, ചാരുംമൂട്, കരുനാഗപ്പള്ളി, ചൂനാട് എന്നിവിടങ്ങളിലേക്ക് പോകാൻ ഇടതടവില്ലാതെയാണ് ഇരുചക്രവാഹനങ്ങളിൽ യാത്രികർ ഇതുവഴി കടന്നുപോകുന്നത്. കൂടാതെ, ഒട്ടധികം കാൽനടക്കാരും താൽക്കാലിക പാലത്തിലൂടെയാണ് താമരക്കുളം, ചത്തിയറ, പാവുമ്പ, വള്ളികുന്നം എന്നിവിടങ്ങളിലേക്ക് പോകുന്നത്. പാലം നിർമാണത്തിന് വേണ്ടത്ര തൊഴിലാളികളെ വെക്കാത്തതിനാലാണ് പണി നീളാൻ കാരണമെന്ന് ആക്ഷേപമുണ്ട്. താൽക്കാലിക പാലം വീതികൂട്ടി പുനർനിർമിക്കുകയും പാലത്തിന് ഇരുവശവുമുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.