ചാരുംമൂട്: വിധവയായ ദലിത് സ്ത്രീയുടെ മുറുക്കാൻ കടയിൽ അതിക്രമിച്ചു കയറി സി.പി.ഐ നേതാക്കൾ കൊടികെട്ടി. താമരക്കുളം പഞ്ചായത്ത് ജങ്ഷനിൽ സി.പി.ഐ ചുമട്ടുതൊഴിലാളി ഓഫിസിനു സമീപം പ്രവർത്തിക്കുന്ന വസന്തകുമാരിയുടെ ഉടമസ്ഥതയിലുള്ള മുറുക്കാൻ കടയിലാണ് സി.പി.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാനുമായ എൻ. രവീന്ദ്രന്‍റെയും ലോക്കൽ കമ്മിറ്റി സെക്രട്ടറി ബഷീറിന്‍റെയും നേതൃത്വത്തിൽ കൊടികെട്ടിയത്. സി.പി.ഐ ഓഫിസിലേക്കുള്ള വഴി കൈയേറിയെന്നും മുറുക്കാനെത്തുന്നവർ തുപ്പുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഈ സമയം വസന്തകുമാരിയുടെ മകളായിരുന്നു കടയിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞെത്തിയപ്പോൾ അസഭ്യം പറഞ്ഞ നേതാക്കൾ കടയിൽ കഞ്ചാവ് കച്ചവടമാണ് ചെയ്യുന്നതെന്നും ജാതിപറഞ്ഞ് ആക്ഷേപിച്ചതായും വസന്തകുമാരി പറഞ്ഞു. വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചുവന്ന മുറുക്കാൻ കട ഒരു വർഷം മുമ്പാണ് വസന്തകുമാരി വാടകക്കെടുത്തത്.
കടയിൽ ഭാഗ്യക്കുറിയും വിൽക്കുന്നുണ്ട്. കട ഉടൻ പൊളിച്ചുമാറ്റണമെന്ന് താക്കീത് നൽകിയാണ് നേതാക്കൾ പോയതെന്നും സി.പി.ഐ നേതൃത്വത്തിന് പരാതി നൽകിയതായും വസന്തകുമാരി അറിയിച്ചു. കടയും സി.പി.ഐ ഓഫിസും പുറമ്പോക്കിലാണ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.