ചാരുംമൂട്: മലയിടിച്ചുള്ള മണ്ണെടുപ്പിനെതിരെ രാപ്പകൽ സമരം നടക്കുന്ന മറ്റപ്പള്ളിയിലെ സമരസ്ഥലത്ത് ടോറസ് ലോറി കൊണ്ടിട്ടു പ്രകോപനം സൃഷ്ടിക്കാനും സമര പന്തലിലേക്ക് ലോറിയിടിച്ചു കയറ്റാനും ശ്രമം. നൂറനാട് പൊലീസ് എത്തിയാണ് ലോറികൾ സ്ഥലത്തു നിന്നും നീക്കിയത്.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മറ്റപ്പള്ളി മലയുടെ താഴെ ദിവസങ്ങളായി പാർക്കു ചെയ്തിരുന്ന രണ്ടു ലോറികളാണ് സമരസ്ഥലത്തേക്ക് ഓടിച്ചു കൊണ്ടുവന്ന് പ്രകോപനമുണ്ടാക്കിയത്.
ഇവർ സമരക്കാരുടെ നേരെ തട്ടിക്കയറാനും ശ്രമിച്ചു. സംയമനം പാലിച്ച സമരക്കാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി വാഹനങ്ങൾ മാറ്റി.
രാത്രി ഏഴരയോടെ മണ്ണ് നിറച്ച് മലമുകളിൽ ഇട്ടിരുന്ന ലോറിയിലെ മണ്ണ് ഇറക്കിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ സമരക്കാർ ഇരിക്കുന്നിടത്തേക്ക് ഓടിച്ചു കൊണ്ടുവന്നത് സ്ത്രീകളെയാകെ പരിഭ്രാന്തരാക്കി. സമരക്കാർക്കു നേരെ ലോറികയറ്റുവാനുള്ള ശ്രമമാണ് നടന്നതെന്ന്നേതാക്കൾ പറഞ്ഞു.
ചെങ്ങന്നൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. കഴിഞ്ഞ 16 ന് മന്ത്രി പി.പ്രസാദ് വിളിച്ചു ചേർത്ത സർവ കക്ഷി തീരുമാനം കാറ്റിൽ പറത്തി കഴിഞ്ഞ ദിവസം കരാറുകാരൻ പൊലീസുമായി മണ്ണെടുക്കാനെത്തിയതിനെ തുടർന്നാണ് രാപ്പകൽ സമരം ആരംഭിച്ചത്.
സമരത്തിന് പിന്തുണയുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ വ്യാഴാഴ്ച വൈകിട്ട് സമരത്തെ അഭിവാദ്യം ചെയ്തു. സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം. മുഹമ്മദ് അലി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എസ്. അനു ശിവൻ, എം. അമ്പാടി, സമരസമിതി നേതാക്കളായ ബി.വിനോദ്, എ.നൗഷാദ്, നൗഷാദ് എ. അസീസ്, വേണു കാവേരി, എസ്. സജി, കെ. സുമ, ആർ. സുജ എന്നിവർ പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പന്തളം കൊളുത്തി പ്രകടനം നടത്തി.
സംഘടന ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സമരകേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ് ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.