ചാരുംമൂട്: കഴിഞ്ഞ ദിവസം മരണമടഞ്ഞ വീട്ടമ്മക്കും ഭിന്നശേഷിക്കാരായ മക്കൾക്കും നാട് കണ്ണീരോടെ വിട നൽകി. വീടിന്റെ തെക്കുവശത്ത് ഒറ്റവരിയായാണ് അമ്മക്കും മക്കൾക്കും ചിതയൊരുക്കിയത്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി (54), മക്കളായ കലമോൾ (34), മീനുമോൾ (33) എന്നിവരാണ് മരിച്ചത്. വീടിന്റെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് നാലോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി.
പഞ്ചായത്ത് അംഗം ശോഭ സജിയുടെ സാന്നിധ്യത്തിൽ മൂന്ന് ആംബുലൻസിലായി അഞ്ചേമുക്കാലോടെ മൃതദേഹങ്ങൾ വീട്ടുമുറ്റത്ത് കൊണ്ടുവന്നപ്പോൾ ആരെയും കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
കത്തിക്കരിഞ്ഞതിനാൽ പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍പോലും കഴിയാതെ ബന്ധുക്കളും നാട്ടുകാരും തേങ്ങി. ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും അടക്കമുള്ളവർ അന്ത്യോപചാരം അർപ്പിച്ചതോടെ മൃതദേഹങ്ങൾ ചിതയിലേക്കെടുത്തു.
വീടിന്റെ തെക്കുവശത്ത് ഒറ്റവരിയായിട്ടായിരുന്നു അമ്മക്കും മക്കൾക്കും ചിത ഒരുക്കിയിരുന്നത്. പ്രസന്നയുടെ മൃതദേഹം ഒന്നാമതായും കലമോളുടെ മൃതദേഹം രണ്ടാമതായും മീനു മോളുടെ മൃതദേഹം മൂന്നാമതായും കിടത്തി. പ്രസന്നയുടെ സഹോദരൻ മധു ചിതക്ക് തീകൊളുത്തി.
ചടങ്ങുകൾക്ക് സാക്ഷിയായി പ്രസന്നയുടെ ഭർത്താവ് ശശിധരൻ പിള്ള നിറകണ്ണുകളോടെ ഇരിപ്പുണ്ടായിരുന്നു. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, മുൻ പ്രസിഡന്റ് എം.കെ. വിമലൻ, പഞ്ചായത്ത് അംഗങ്ങളായ ടി. മന്മഥൻ, ആര്യ, സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി. ഹരിപ്രകാശ്, പി. രാജൻ, ആർ. ബിനു തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.