ചാരുംമൂട്: പ്രഭാത സവാരിക്കിറങ്ങിയ ആത്മസുഹൃത്തുക്കൾ ടോറസ് ലോറിയിടിച്ച് മരിച്ച വാർത്തകേട്ടാണ് വ്യാഴാഴ്ച നൂറനാട് ഗ്രാമം ഉണർന്നത്. പണയിൽ പാലമുക്കിലെ വളവിൽ അമിതവേഗത്തിൽ വന്ന ടോറസ് അപകടമുണ്ടാക്കി നിർത്താതെ ഓടിച്ചുപോയത്.
ഉറ്റ ചങ്ങാതിമാരായ നൂറനാട് എരുമക്കുഴി വാലുകുറ്റിയിൽ വി.എം. രാജു (66), പണയിൽ താഴമംഗലത്ത് വിക്രമൻ നായർ (58), എരുമക്കുഴി കലാമന്ദിരം രാമചന്ദ്രൻ നായർ (73) എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. നാൽവർ സംഘത്തിലുണ്ടായിരുന്ന പണയിൽ സോപാനത്തിൽ രാജശേഖരൻ നായർ (65) പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. വർഷങ്ങളായി ഇവർ ഒരുമിച്ചാണ് പ്രഭാത സവാരിക്ക് ഇറങ്ങിയിരുന്നത്. വർഷങ്ങൾക്ക് മുമ്പ് കെ.പി റോഡുവഴിയായിരുന്നു ഇവർ പ്രഭാതസവാരിക്കായി പോയിരുന്നത്. എന്നാൽ, വാഹനങ്ങളുടെ തിരക്കുമൂലം നൂറനാട് പണയിൽ ആനയടി റോഡിലേക്ക് മാറ്റുകയായിരുന്നു. പ്രവാസിയായ വി.എം. രാജു വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നു. നൂറനാട്ട് സ്വപ്ന ഏജൻസീസ് നടത്തിയിരുന്ന രാമചന്ദ്രൻ നായരും റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നു വിക്രമൻ നായരും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. സമീപങ്ങളിലായിരുന്നു ഇവരുടെ വീടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.