ചാരുംമൂട്: ചാരുംമൂട്ടിൽ ലക്ഷങ്ങൾ ചെലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് നടപടികൾ സ്വീകരിക്കുമ്പോൾ കല്ലട ഇറിഗേഷൻ പദ്ധതിയുടെ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. പല സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലടക്കം പ്രവർത്തിക്കുമ്പോഴാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നത്.
ചാരുംമൂട് ജങ്ഷ്ന് തെക്ക് കൊല്ലം തേനി ദേശീയപാതക്ക് സമീപത്തായുള്ള ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് പിന്നിലാണ് കല്ലട ഇറിഗേഷൻ പദ്ധതിക്കായി നിർമിച്ച കെട്ടിടങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് അഞ്ച് ഓഫിസ് ബ്ലോക്കുകളും ആറ് ക്വാർട്ടേഴ്സുകളും ഉൾപ്പെടുന്നതാണ് കെ.ഐ.പി സമുച്ചയം.
കല്ലട ജലസേചന പദ്ധതിയുടെ കനാൽ നിർമാണ ജോലികളുടെ ഭാഗമായി 43 വർഷം മുമ്പാണ് ചാരുംമൂട് കേന്ദ്രമാക്കി കെ.ഐ.പി ഓഫിസ് പ്രവർത്തനം തുടങ്ങിയത്. 17 വർഷംമുമ്പ് വരെ കെ.ഐ.പി ഡിവിഷനൽ ഓഫിസും സെക്ഷൻ ഓഫിസും എല്ലാം ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
ജീവനക്കാരുടെ എണ്ണം കുറച്ചതോടെ ഓഫിസ് വല്ലപ്പോഴും തുറക്കുന്ന അവസ്ഥയിലായി. ഓഫിസിന്റെ കുറച്ച്ഭാഗം കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷൻ ഓഫിസിനായി വിട്ടുനൽകി. മറ്റു രണ്ടുകെട്ടിടങ്ങൾ 17 വർഷം മുമ്പ് കെ.എസ്.ഇ.ബി ഓഫിസിനും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിനും നൽകിയിരുന്നു.
കെ.എസ്.ഇ.ബി ഓഫിസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ ഒഴിഞ്ഞ കെ.ഐ.പി കെട്ടിടത്തിലേക്ക് നൂറനാട് പ്രവർത്തിച്ചിരുന്ന എക്സൈസ് റേഞ്ച് ഓഫിസ് മാറ്റി പ്രവർത്തനം തുടങ്ങി. ബാക്കി ഒഴിഞ്ഞുകിടക്കുന്ന മൂന്ന് ബ്ലോക്ക് കെട്ടിടങ്ങളും പരിസരവുമാണ് കാടുപിടിച്ചു നശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.