ചാരുംമൂട്: കല്ലട ജലസേചന കനാലിനും കനാൽ റോഡുകളിലും ആശുപത്രി മാലിന്യവും അറവുശാലയിൽനിന്നുള്ള മാലിന്യവുമടക്കം തള്ളുന്നത് പതിവായി. നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തുകളുടെ സംഗമസ്ഥലമാണ് തിരക്കേറിയ ചാരുംമൂട്. എന്നാൽ, ചാരുംമൂട് ജങ്ഷന് തെക്ക് ഭാഗത്ത് കൊല്ലം-തേനി ദേശീയപാതയോട് ചേർന്നാണ് കനാൽ. കനാലിനോട് ചേർന്ന് റോഡരികിലും വൻതോതിലാണ് മാലിന്യം തള്ളൽ.
മാലിന്യം അഴുകിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർക്ക് മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ഹോട്ടലുകളിൽനിന്നും ആഹാരം കഴിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അവശിഷ്ടങ്ങളും ഇലകളും കനാലിൽ തള്ളുന്നുണ്ട്. വ്യാപകമായ മാലിന്യഒ തള്ളൽമൂലം കനാൽ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾക്കും വൻ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നു.
മാലിന്യം നിറഞ്ഞുകിടക്കുന്ന കനാലിൽക്കൂടി ഒഴുകിയെത്തുന്ന വെള്ളം കിണറുകളിലും കുളങ്ങളിലും ഊറിയിറങ്ങി കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നു. എന്നാൽ, കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കംചെയ്യാൻ കെ.ഐ.പി അധികൃതർ നടപടി സ്വീകരിക്കാറില്ലെന്ന ആക്ഷേപവും ഉയരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും തയാറാകുന്നില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.