ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ടുള്ള സംയുക്ത പരിശോധന വ്യാഴാഴ്ച തുടങ്ങും. ദേശീയപാത 83ലെ തേനിയും ദേശീയപാത 66ലെ കൊല്ലവും ബന്ധിപ്പിക്കുന്നതാണ് കൊല്ലം-തേനി 183 ദേശീയപാത.
നാലുവരിയായിട്ടാണ് പുനർനിർമിക്കുന്നത്. പാതയുടെ വീതികൂട്ടലുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ കൊല്ലം മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്ത് 22 ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ആലപ്പുഴ ജില്ലയുടെ ഭാഗമായ വയ്യാങ്കര മുതൽ ചെങ്ങന്നൂർവരെയാണ് ആദ്യഘട്ട സംയുക്ത പരിശോധന നടക്കുക. സർവേനടപടി പൂർത്തീകരിക്കാൻ ഒരുമാസം വേണ്ടിവരും.
തുടർന്ന് കൊല്ലം ജില്ലയുടെ ഭാഗമായ കടവൂർ ഒറ്റയ്ക്കൽ ജങ്ഷൻ മുതൽ വയ്യാങ്കരവരെ സംയുക്ത പരിശോധന നടത്തും. ആദ്യഘട്ടത്തിൽ ഹരിപ്പാട് സ്പെഷൽ തഹസിൽദാറും സംഘവുമാണ് പരിശോധനക്കുണ്ടാകുക.
കൊല്ലം ഹൈസ്കൂൾ ജങ്ഷൻ, തൃക്കടവൂർ, അഞ്ചാലുംമൂട്, പെരിനാട്, കിഴക്കേ കല്ലട, ഭരണിക്കാവ്, ആനയടി, താമരക്കുളം, ചാരുംമൂട്, മാങ്കാംകുഴി, കൊല്ലകടവ്, ആഞ്ഞിലിമൂട്, ചെങ്ങന്നൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളിവഴിയാണ് ദേശീയപാത തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത്.
തുടർന്ന് കമ്പം, ഉത്തമപാളയം വഴി തേനിയിൽ എത്തിച്ചേരും. കൊല്ലം തൃക്കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂടുവരെ ഏകദേശം 54 കിലോമീറ്റർ ദൂരത്തിൽ 16 മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്.
നിലവിലുള്ള രണ്ടുവരിപ്പാതയുടെ മധ്യത്തിൽനിന്ന് ഇരുവശത്തും എട്ടുമീറ്റർ വീതി കൂട്ടും. 12 മീറ്റർ വീതിയിൽ ടാർ ചെയ്യുന്ന പാതയാണ് ലക്ഷ്യമിടുന്നത്. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും തൊട്ടുചേർന്ന് ഓടയുമുണ്ടാകും.
കൊടുംവളവുകൾ നിവർത്തിയും ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കിയും ഗ്രേഡിങ് വർധിപ്പിച്ചും കയറ്റിറക്കങ്ങൾ പരമാവധി ഒഴിവാക്കിയും നിലവിലുള്ളതിനെക്കാൾ ഉയർത്തിയുമാകും പാത നിർമിക്കുന്നത്. ഇതോടൊപ്പം പ്രധാന ജങ്ഷനുകളും വികസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.