ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി. ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിച്ച് വിജ്ഞാപനം തയാറാക്കാൻ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനുള്ള ഒന്നാംഘട്ട നടപടിയാണ് തുടങ്ങിയത്. ഇതിനുശേഷം അന്തിമ സർവേ ആരംഭിക്കും. ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം പാതയുടെ അന്തിമ അലൈൻമെന്റ് ഔദ്യോഗികമായി നൽകിയിട്ടില്ല.
കരട് അലൈൻമെന്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കൽ ആരംഭിക്കുന്നത്. ദേശീയപാത ആരംഭിക്കുന്ന കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം 16 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിലെ രണ്ടുവരിപ്പാതയുടെ മധ്യത്തിൽനിന്ന് ഇരുവശത്തും എട്ട് മീറ്റർ വീതിയിൽ വീതികൂട്ടി 12 മീറ്റർ വീതിയിൽ ടാർ ചെയ്യുന്ന പാതയാണ് ലക്ഷ്യമിടുന്നത്. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും തൊട്ടുചേർന്ന് ഓടയുമുണ്ടാകും. ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കൽ സംഘവും നേരത്തേ പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ജില്ലയിൽ 11 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. കൊല്ലം കടവൂർ മുതൽ ആഞ്ഞിലിമൂടുവരെ ഏകദേശം 54 കിലോമീറ്റർ നീളത്തിലാണ് വികസനം. നിലവിലെ റോഡിന്റെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും ഒരേ വീതിയിലാണ് റോഡ് വികസിപ്പിക്കുക. 16 മീറ്റർ വികസിപ്പിക്കുമ്പോൾ ഇതിൽ 12 മീറ്റർ വീതിയിൽ ടാറിങ് വരുന്ന രീതിയിലാണ് അലൈൻമെന്റ്.
കൊല്ലം, ഭരണിക്കാവ്, ചാരുംമൂട്, വണ്ടിപ്പെരിയാർ, കുമളി, തേനി തുടങ്ങിയ ജങ്ഷനുകളിലൂടെയാണ് പാത കടന്നുപോകുക. ദേശീയപാത 83ലെ തേനിയും ദേശീയപാത 66ഉം തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. ഹൈസ്കൂൾ ജങ്ഷൻ, പെരിനാട്, ഭരണിക്കാവ്, ചാരുംമൂട്, ചെങ്ങന്നൂർ, പൊൻകുന്നം, വണ്ടിപ്പെരിയാർ, കുമളി വഴിയാണ് റോഡ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുക. തുടർന്ന് കമ്പം, ഉത്തമപാളയം വഴി തേനിയിൽ എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.