ചാരുംമൂട്: മാവേലിക്കര താലൂക്കിൽ ഞായറാഴ്ച മുതൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ തീരുമാനം. എം.എസ്. അരുൺകുമാർ എം.എൽ.എ വിളിച്ചു ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു തീരുമാനം. താലൂക്കിലെ മിക്ക പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് എം.എൽ.എ യോഗം വിളിച്ചത്.
ബുധനാഴ്ച ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചും വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെക്കുറിച്ചും വിശദീകരിച്ചു. ഏറ്റവും അടുത്ത ദിവസംതന്നെ ടാങ്കറുകളിൽ ജലവിതരണം ആരംഭിക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാന ആവശ്യം. ജലനിധി പദ്ധതിയിൽ കണക്ഷനെടുത്തെങ്കിലും വെള്ളം ലഭിച്ചിട്ടാല്ലാത്തവരും ബിൽ അടക്കേണ്ടി വരുന്നതായും ജനപ്രതിനിധകൾ ചൂണ്ടിക്കാട്ടി.
ചെറുകിട കുടിവെളള പദ്ധതികളിലെ തകരാറുകൾ പരിഹരിക്കുന്നതിലും പദ്ധതികൾ നടപ്പാക്കുന്നതിലും വാട്ടർ അതോറിറ്റി അനാസ്ഥ കാട്ടുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നതായും ജനപ്രതിനിധികൾ പറഞ്ഞു. കനാൽ വെള്ളം ലഭ്യമാക്കുന്നതിലെ വീഴ്ചകളും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ചർച്ചക്ക് മറുപടിയായാണ് ഞായാഴ്ച മുതൽ തന്നെ ടാങ്കറുകളിൽ ജലവിതരണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചത്. മറ്റ് പരാതികൾ പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. കെ.ആർ. അനിൽകുമാർ, ജി. വേണു, ബി. വിനോദ്, സ്ഥിരംസമിതി അധ്യക്ഷരായ എസ്. അനിരുദ്ധൻ (തഴക്കര), കോമളൻ (വള്ളികുന്നം), തഹസിൽദാർ പി. ഷിബു, എൽ.ആർ തഹസിൽദാർ ഡി.സി. ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ്, വാട്ടർ അതോറിറ്റി, കെ.ഐ.പി, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.