ചാരുംമൂട്: പാലമേൽ മറ്റപ്പള്ളിയിൽ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരായ സംയുക്ത സമരസമിതി പ്രക്ഷോഭത്തിന് താത്കാലിക വിജയം. മന്ത്രിമാർ പങ്കെടുത്ത് 16 ന് നടക്കുന്ന സർവകക്ഷി യോഗം വരെ മണ്ണെടുപ്പ് നിർത്തിവെച്ചു. ആലപ്പുഴ എ.ഡി.എം എസ്.സന്തോഷ് കുമാർ, ജനപ്രതിനിധികൾ, സമരസമിതി നേതാക്കൾ, കരാറുകാർ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് മറ്റപ്പള്ളി മലയിൽ നിന്നും പൊലീസ് സന്നാഹത്തോടെ രണ്ടാം തവണ മണ്ണെടുപ്പ് തുടങ്ങിയത്.
ഏതാനും ലോഡുകൾ കൊണ്ടുപോയെങ്കിലും 10 ഓടെ മണ്ണ് ലോറികൾ കടന്നു പോകുന്ന ആശാൻ കലുങ്ക് - മാവിളയിൽ റോഡിന്റെ കവാടങ്ങളിലേക്ക് സമരസമിതി മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡുകൾക്കു മുന്നിൽ സമരക്കാർ കുത്തിയിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ് അരുൺകുമാർ എം.എൽ.എ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം നടന്ന സമരത്തെ ക്രൂരമായി നേരിട്ട പൊലീസ് നടപടിക്കെതിരെ നേതാക്കൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പൊള്ളുന്ന വെയിലിനെ അവഗണിച്ച് നൂറുകണക്കിന് സ്ത്രീകൾ സമരത്തിൽ പങ്കെടുത്തു. ഉച്ചക്ക് ഒന്നോടെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആലപ്പുഴ എ.ഡി.എം എസ്.സന്തോഷ് കുമാർ സമരസ്ഥലത്തെത്തി ജനപ്രതിനിധികളുമായും സമരക്കാരുമായും ചർച്ച നടത്തി.
കരാറുകാരനുമായും സംസാരിച്ച ശേഷമാണ് സർവകക്ഷി യോഗം നടക്കുന്ന നവംബർ 16 വരെ മണ്ണെടുപ്പ് നിർത്തിവെച്ചതായി അറിയിച്ചത്. ദിവസങ്ങളായി നടത്തിയ പ്രക്ഷോഭത്തിന് താത്കാലിക വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സമരക്കാർ മടങ്ങിയത്. ആശാൻ കലുങ്കിൽ സമരസമിതി നേതാക്കളായ ബി.വിനോദ്, എ.നൗഷാദ്, മനോജ് സി.ശേഖർ, എം.മുഹമ്മദാലി, പ്രഭ വി.മറ്റപ്പള്ളി, ഷറഫുദീൻ രാമൻചിറ, ഷാനവാസ് കണ്ണങ്കര, നൗഷാദ് എ.അസീസ് തുടങ്ങിയവരും മാവിളയിൽ ജങ്ഷനിൽ നടത്തിയ സമരത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ജി.രാജമ്മ, ജസ്റ്റിൻ ജോർജ്, അജയകുമാർ, അനുശിവൻ, എസ്. മുകുന്ദൻ, സുനി ആനന്ദൻ, അഡ്വ.ഗോപാലകൃഷ്ണൻ, സജി പാലമേൽ, ആർ.ശശികുമാർ, ബി.വിശ്വൻ, നൂറനാട് മോഹൻ തുടങ്ങിയവരും നേതൃത്വം നൽകി.
16ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ മണ്ണ് എടുക്കുന്നതിനെതിരായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ബി.ബിനുകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ആദ്യഘട്ട വിജയം -കൊടിക്കുന്നിൽ സുരേഷ് എം.പി
ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിൽ നിന്നും മണ്ണെടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതു സമര സമിതിയുടെയും പ്രദേശവാസികളായ ജനങ്ങളുടെയും പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ട വിജയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നവംബർ 16 ന് കൃഷി മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ മണ്ണ് ഖനനം പൂർണമായും ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും എം.പി അറിയിച്ചു. ദേശീയപാത നിർമാണത്തിന്റെ മറവിൽ മറ്റപ്പള്ളി മല ഇടിച്ചു നിരത്തി മണ്ണ് കടത്താനുള്ള മണ്ണ് മാഫിയയുടെ ശ്രമത്തിനു സർക്കാർ കൂട്ടുനിൽക്കുകയാണെന്നും എം.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.