ചാരുംമൂട്: ബ്രാഞ്ച് സമ്മേളനങ്ങളിൽ വിഭാഗീയത രൂക്ഷമാക്കിയത് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി അംഗങ്ങൾ സമ്മേളനം ബഹിഷ്കരിക്കുന്നത് നിത്യസംഭവമായി. പലയിടത്തും സമ്മേളനം വഴിപാടായി മാറി. ചില ബ്രാഞ്ചുകളിലെ സമ്മേളനങ്ങൾ നിരവധി തവണ മാറ്റിവെച്ചു.
കഴിഞ്ഞ ദിവസം നടന്ന പള്ളിക്കൽ വടക്ക് ബ്രാഞ്ച് സമ്മേളനം പൂർതീകരിക്കാതെ മിനിറ്റ്സ് ബുക്കുമായി വനിത ബ്രാഞ്ച് സെക്രട്ടറി ഇറങ്ങിപ്പോയി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന കമ്മിറ്റി നൽകിയ മാർഗരേഖക്ക് വിരുദ്ധമായി ഉദ്ഘാടകൻ ജില്ല സെക്രട്ടറിയേറ്റ് അംഗത്തെ വ്യക്തിപരമായി ആക്ഷേപിച്ചത് പ്രതിനിധികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമായി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സർക്കാർ ജീവനക്കാരന്റെ പേര് ഉയർന്നുവന്നതും പ്രശ്നത്തിനിടയാക്കി.
സർക്കാർ ജോലിക്കാർ ബ്രാഞ്ച് സെക്രട്ടറിയാവാൻ പാടില്ലെന്ന് പ്രതിനിധികൾ വാദിച്ചു. ആർക്കും മത്സരിക്കാമെന്ന നിർദേശമാണ് ലോക്കൽ സെക്രട്ടറി നൽകിയത്. സമ്മേളനം ചൂടേറിയ വാഗ്വാദത്തിലേക്ക് കടന്നപ്പോൾ നാലു പേരുകൾ ലോക്കൽ സെക്രട്ടറി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇത് സംഘടന രീതിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്സ് ബുക്കും മറ്റ് രേഖകളുമായി സമ്മേളനം അവസാനിപ്പിക്കാതെ ഇറങ്ങി പോവുകയായിരുന്നു.
പയ്യനല്ലൂർ ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നതിനെത്തുടർന്ന് സമ്മേളനം നിർത്തിവെക്കേണ്ടിവന്നു. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങൾ സംഘടന രീതിയിലല്ല നടക്കുന്നതെന്ന് കാണിച്ച് നിരവധി പരാതികൾ ജില്ല കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. എൽ.സി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ചേർന്ന് അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ സമ്മേളനം നടത്തുകയാണെന്നും അംഗങ്ങൾക്കിടയിൽ പരക്കെ ആക്ഷേപമുണ്ട്. ഇവർക്കെതിരെ ഉയരുന്ന ആരോപണങ്ങളും ചർച്ചകൾക്ക് ഇടയാകുന്നുണ്ട്.
ചർച്ചകളിലേക്ക് കടക്കാതെ അഭിപ്രായങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തി വേഗത്തിൽ സമ്മേളനം അവസാനിപ്പിക്കുന്ന രീതിയാണ് പലയിടത്തും നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളും വ്യാജ മെമ്പർഷിപ്പിനെ കുറിച്ച ആരോപണവും പരിശോധിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.