ചാരുംമൂട്: നൂറനാട് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. പാലമേൽ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റവന്യൂ, രജിസ്ട്രേഷൻ, പഞ്ചായത്ത് വകുപ്പ് മേധാവികൾ, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂനിയൻ പ്രതിനിധികൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഓട്ടോ-ടാക്സി-ടെമ്പോ സ്റ്റാൻഡുകളിൽ ടേൺ സമ്പ്രദായം നടപ്പാക്കും. അധികം വരുന്ന വാഹനങ്ങൾ നൂറനാട് സബ് രജിസ്ട്രാർ ഓഫിസ് ഭൂമിയിൽ പാർക്കു ചെയ്യുന്നതിനുള്ള സാധ്യത തേടും. നൂറനാട് ജങ്ഷനിൽ രണ്ടു ദിശയിലേക്കുള്ള യാത്രാ ബസുകൾ ഒരേ പോയന്റിൽ നിർത്തുന്നതിനാൽ ഉണ്ടാകുന്ന ഗതാഗതതടസ്സം പരിഹരിക്കുന്നതിന് കായംകുളം ഭാഗത്തേക്കുള്ള ബസുകൾ 50 മീറ്റർ പടിഞ്ഞാറേക്ക് മാറി സ്റ്റോപ് പുനർനിർണയിക്കും. ട്രഷറി, വില്ലേജ് ഓഫിസ്, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്കുചെയ്യുന്നത് മൂലമുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ നൂറനാട് ചന്തവക ഭൂമിയിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും.
തിയറ്റർ, ഓഡിറ്റോറിയങ്ങൾ, വലിയ വ്യാപാരസ്ഥാപനങ്ങൾ എന്നിവക്ക് മുന്നിലുള്ള അനധികൃത പാർക്കിങ് ഒഴിവാക്കും. ജങ്ഷൻ കേന്ദ്രീകരിച്ചുള്ള മൊത്ത വ്യാപാരസ്ഥാപനങ്ങളിൽ അവധിദിനങ്ങൾ ഒഴികെ, രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ വലിയ വാഹനങ്ങളിൽ നിന്നുമുള്ള കയറ്റിറക്ക് ജോലികൾ ഒഴിവാക്കും. മൃഗാശുപത്രിയിലേക്കുള്ള പ്രവേശനം നൂറനാട് മാർക്കറ്റിലെ വഴിയിലൂടെ ക്രമീകരിക്കും. പത്താംമൈൽ മുതൽ പാറ ജങ്ഷൻ വരെ റോഡിനോട് ചേർന്നുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാനും തീരുമാനമായി.
ജനുവരി ഒന്നിനു മുമ്പ് നിർദേശങ്ങൾ നടപ്പിൽ വരുത്തുമെന്ന് പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് പറഞ്ഞു. നിർദേശങ്ങളിൽ ചിലതിൽ ഭിന്നാഭിപ്രായമുള്ളതിനാൽ അഭിപ്രായ ഏകീകരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പഠനം നടത്തും. അവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും സർവകക്ഷിയോഗം ചേർന്നശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.