ചാരുംമൂട്: വേനൽമഴ നെൽകർഷകർക്ക് തീരാദുരിതമായി. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന പാലമേൽ, നൂറനാട് ഗ്രാമപഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന കരിങ്ങാലിച്ചാൽ, പെരുവേലിൽച്ചാൽ പുഞ്ചകളിലെ നെൽകൃഷിയാണ് അപ്രതീക്ഷിതമായ വേനൽമഴയിൽ വെള്ളത്തിലായത്. രണ്ടാഴ്ചകൊണ്ട് കൊയ്യാൻ കഴിയുമായിരുന്ന നെല്ലാണ് പൂർണമായും വെള്ളം കയറിയത്. കരിങ്ങാലിച്ചാൽ പുഞ്ചയിൽ ഇടപ്പോൺ ആമ്പടവം പാടശേഖരത്ത് കർഷകകൂട്ടായ്മ കൃഷിയിറക്കിയ 125 ഏക്കറിലെ നെല്ല് പൂർണമായും വെളളത്തിലായി.വിത്ത് വിതച്ച സമയത്ത് കനാൽവെള്ളം കയറി വിത നശിച്ചുണ്ടായ നഷ്ടത്തിന് പുറമെയാണ് വേനൽമഴയും കർഷകരെ ചതിച്ചത്. കരിങ്ങാലിച്ചാൽ പുഞ്ചയിൽ കാരിമുക്കം ഭാഗത്തും ബണ്ട് റോഡിനോട് ചേർന്നുമുള്ള നാന്നൂറോളം ഏക്കർ പാടശേഖരവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെയും രണ്ടാഴ്ചത്തെ വിളവുകൂടി മതിയായിരുന്നു നെല്ല് കൊയ്തെടുക്കാനെന്ന് കർഷകർ പറയുന്നു. ഇവിടെ മോട്ടോറും പെട്ടിയും പറയും ഉപയോഗിച്ചും വെള്ളം പറ്റിക്കാൻ ശ്രമം നടക്കുന്നുണ്ട്.
തുടരെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ മാറ്റങ്ങളും കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തിയത്. ഏറെ പ്രതീക്ഷയോടെ ഇത്തവണ ഇറക്കിയ കൃഷിയും വേനൽമഴയിൽ കുതിർന്നതോടെ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് കർഷകർ. കൃഷിനാശത്തിന് അടിയന്തര സഹായമുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.