ചാരുംമൂട്: ഒരേ ക്ലാസ്ൽ മുറിയിൽ പഠിച്ച് മകനോടൊപ്പം 54കാരൻ ഒന്നാം ക്ലാസിൽ പാസായി. നൂറനാട് മുതുകാട്ടുകര ലക്ഷ്മി ഭവനത്തിൽ വി.കെ. രാജുവും മകൻ അരവിന്ദനുമാണ് കഴിഞ്ഞ ഒരു വർഷം സഹപാഠികളായി ജെ.ഡി.സി (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഒാപറേഷൻ) പഠിച്ച് ഫസ്റ്റ് ക്ലാസോടെ ജയിച്ചത്.
ആറന്മുള സഹകരണ കോളജിലെ വിദ്യാർഥികളായിരുന്നു ഇരുവരും. നൂറനാട് എരുമക്കുഴി ക്ഷീരോൽപാദന സഹകരണ സംഘത്തിലെ ജീവനക്കാരനാണ് രാജു. ഇവിടെ ലാബ് അസിസ്റ്റൻറായി ജോലിക്കയറ്റം കിട്ടുന്നതിനാണ് ജെ.ഡി.സി പഠിക്കാൻ മകനൊപ്പം കോളജ് കാമ്പസിൽ എത്തിയത്.
ബിടെക്കിന് ശേഷമാണ് അരവിന്ദൻ ജെ.ഡി.സിക്ക് ചേർന്നത്. ഇരുവരും ഒന്നിച്ചായിരുന്നു കോളജിലേക്കുള്ള യാത്രയും പഠിത്തവുമെല്ലാം. പ്രിൻസിപ്പൽ ഇന്ദിരയുടെയും മറ്റു അധ്യാപകരുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്ന് ഇരുവരും പറഞ്ഞു.
മുതുക്കാട്ടുകര എസ്.എൻ.ഡി.പി ശാഖയോഗം, എസ്.എൻ. വിവേക് വിദ്യാമന്ദിർ എന്നിവയിൽ പതിനഞ്ചു വർഷം സെക്രട്ടറിയായും നൂറനാട്ടെ പത്രഏജൻറായും രാജു പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ്.എൻ.ഡി.പി പന്തളം യൂനിയൻ കൗൺസിലർ, സത്യപഥം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് രാജു. ശൂരനാട് വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ മിനിയാണ് ഭാര്യ. ഇളയ മകൻ അശ്വന്ത് ബി.സി.എ ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.