ചാരുംമൂട്: കെ.പി റോഡിനെ എം.സി റോഡുമായി യോജിപ്പിക്കുന്ന ബൈപാസ് റോഡ് യഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറനാട്, ഇളവുക്കാട്, കരിങ്ങാലിച്ചാൽ പുഞ്ച വഴി കുടശ്ശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്തു കൂടി മുട്ടാർ, മണികണ്ഠൻ ആൽത്തറ വഴി എം.സി റോഡിലേക്ക് പ്രവേശിക്കുന്നതാണ് ബൈപ്പാസ് റോഡ്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സാധ്യത പഠനവും ആദ്യഘട്ട സർവേയും നടത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അധികൃതരുടെ അനാസ്ഥയാണ് ഈ പദ്ധതി ഫയലിൽ ഉറങ്ങാൻ കാരണം. നാടിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാനും കഴിയുന്ന ഈ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്കു മുമ്പ് കുടശ്ശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രത്തിലെ അന്നത്തെ ഉപദേശക സമിതി പ്രസിഡന്റായിരുന്ന കുടശ്ശനാട് മുരളിയും ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയും ചേർന്ന് കേന്ദ്ര സർക്കാരിനു നിവേദനം നൽകിയിരുന്നു. തുടർന്ന് ബൈപ്പാസ് റോഡിന്റെ സാധ്യത പഠന റിപ്പോർട്ട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയുടെ ജില്ല നിർവഹണ അധികാരികൾക്ക് പദ്ധതിയെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര ഗ്രാമീണ വികസന കാര്യ വകുപ്പ് ഉത്തരവു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നൂറനാട് മുതൽ ജില്ല അതിർത്തിയായ തോണ്ടുകണ്ടം വരെ സർവേ പൂർത്തിയാക്കിയിരുന്നു.
തുടർന്നുള്ള പത്തനംതിട്ട ജില്ലയുടെ അധികാര പരിതിയിലുള്ള ഭാഗത്തെ സർവേ നടപടികൾ പൂർത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. ഇതോടെ പദ്ധതി പാതിവഴിയിൽ നിൽക്കുകയായിരുന്നു. ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് യാഥാർഥ്യമായാൽ തീർഥാടകർക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്ര ദർശനം നടത്തി എളുപ്പത്തിൽ ശബരിമലയിലെത്താൽ സഹായകരമാകും. കെ.പി റോഡുവഴി കായംകുളം, കറ്റാനം,വള്ളികുന്നം, താമരക്കുളം, ചാരുംമൂട് ഭാഗത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലേക്കും എം.സി റോഡിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കി എളുപ്പം എത്താൻ കഴിയും. ബൈപ്പാസ് കടന്നുപോകുന്ന കരിങ്ങാലിച്ചാൽ പുഞ്ചയുടെ പ്രകൃതി ഭംഗി ആവേളം ആസ്വദിക്കാനും സ്വദേശികളായ ടൂറിസ്റ്റുകളെ ഇവിടെ എത്തിക്കാനും ബൈപ്പാസ് പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.