ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ നെട്ടോട്ടത്തിൽ. പഞ്ചായത്തിലെ നാലുമുക്ക്, ചത്തിയറ, വേടരപ്ലാവ്, പച്ചക്കാട് ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായത്. ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതാണ് താൽക്കാലിക ആശ്വാസം. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ധാരാളം കുടിവെള്ള കണക്ഷനുകൾ പഞ്ചായത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും വെള്ളം കിട്ടാറേയില്ലെന്ന ആക്ഷേപം ശക്തമാണ്. പാറ്റൂർ കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളമാണ് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വിതരണം നടത്തുന്നത്.
എന്നാൽ, വേനൽ കടുത്തതോടെ അച്ഛൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. താമരക്കുളം, ചുനക്കര, നൂറനാട്, പാലമേൽ പഞ്ചായത്തുകളാണ് കുടിവെള്ള പദ്ധതിയുടെ പരിധിയിൽവരുന്നത്. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിരുന്ന കെ.ഐ.പി കനാലിലെ വെള്ളവും എല്ലാം ഭാഗങ്ങളിലും എത്തുന്നതുമില്ല. ജൽ ജീവൻ പദ്ധതിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
അരനൂറ്റാണ്ടോളം പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലത്തുമുള്ളത്. എന്നാൽ, ജലവിതരണം ശക്തിപ്പെടുത്താൻ ഡി.ഐ പൈപ്പുകൾ പച്ചക്കാട്ടെ ജലസംഭരണിയിൽനിന്നും നെടിയാണിക്കൽ ക്ഷേത്ര ജങ്ഷൻ വരെയും ജലസംഭരണിയിൽനിന്ന് ചാവടി ജങ്ഷൻ വരെയും ഇട്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. 1984ലാണ് രണ്ടരലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി താമരക്കുളം പച്ചക്കാട്ട് പണിതത്.
അടുത്തകാലത്ത് രണ്ട് ചെറുകിട കുടിവെള്ള പദ്ധതികൾ പഞ്ചായത്ത് മുൻ കൈയെടുത്ത് പുനഃസ്ഥാപിച്ചതു മാത്രമാണ് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്നത്. ചത്തിയറ പുതുച്ചിറ, പൊരുവിക്കൽ കുടിവെള്ള പദ്ധതികളാണ് പുനഃസ്ഥാപിച്ചത്. ആസ്ബസ്റ്റോസ് സിമന്റ് പൈപ്പുകൾ ദിനംപ്രതി പൊട്ടി വ്യാപകമായി വെള്ളം പാഴാകുന്നതാണു താമരക്കുളം നേരിടുന്ന പ്രധാനപ്രശ്നം.
പുതിയ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഉയർന്നസ്ഥലത്ത് പുതിയ ജലസംഭരണി പണിത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.
ചൂട് കൂടിയതോടെ കാർഷിക മേഖലയിൽ വൻ നഷ്ടമാണ് ഉണ്ടാകുന്നത്. വാഴയും പച്ചക്കറികളടക്കമുള്ള കാർഷികവിളകൾ കരിഞ്ഞുണങ്ങി. കൃഷിവകുപ്പിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.