ചാരുംമൂട്: മോഫ മോട്ടോർ സൈക്കിളിൽ ഗോവയിലേക്ക് വിജേഷിന്റെ യാത്ര. ഗോവയിലെ വാഗതോറിൽ നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ പങ്കെടുക്കുകയാണ് മെക്കാനിക്ക് കൂടിയായ മാവേലിക്കര കരിമുളക്കൽ റെയർ പിസ്റ്റൺസ് വിന്റേജ് ഗാരേജ് ഉടമ വിജേഷ് കുമാറിന്റെ ലക്ഷ്യം. പഴയകാല വാഹനങ്ങളുടെ റിപ്പയറിങും റീസ്റ്റോറും ചെയ്യുന്ന വിജേഷിന് കഴിഞ്ഞ ലോക് ഡൗൺ കാലത്ത് കായംകുളത്തുള്ള വ്യക്തിയിൽ നിന്നാണ് മോഫ മോട്ടോർ സൈക്കിൾ ലഭിച്ചത്.
ഇത് വർക് ഷോപ്പിലെത്തിച്ച് ജോലിയുടെ ഇടവേളകളിൽ റിപ്പയറിങ് നടത്തിയും ചില പാർട്ട്സുകൾ മാറുകയും ലഭ്യമല്ലാത്തവ സ്വന്തമായി നിർമിക്കുകയുംചെയ്താണ് സഞ്ചാരയോഗ്യമാക്കിയത്. വാഹനം സഞ്ചാരയോഗ്യമായതോടെയാണ് ഗോവയിലെ റോയൽ എൻഫീൽഡ് റൈഡർമാനിയയെക്കുറിച്ച് അറിഞ്ഞത്. പഴയ വാഹനങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ടീം റെയർ എൻജിൻ എന്ന വിന്റേജ് വാഹന ക്ലബ് അംഗം കൂടിയായ വിജേഷ് ക്ലബിന്റെ സഹകരണത്തോടെയാണ് ഗോവയാത്രക്ക് തയാറായത്. യാത്രക്കായി വേണ്ട സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. എൻഫീൽഡ് കമ്പനി ഇറക്കിയ ഒറ്റനോട്ടത്തിൽ സൈക്കിൾ എന്നു തോന്നിക്കുന്ന മോഫ മോട്ടോർ സൈക്കിൾ പെട്രോൾ ഉപയോഗിച്ച് ഓടിക്കുകയും സൈക്കിൾ പോലെ ചവിട്ടിയും സഞ്ചരിക്കാം. ഒന്നര ലിറ്റർ പെട്രോളാണ് വാഹനത്തിന്റെ കപ്പാസിറ്റി. മുംബൈ സുപ്രീം അലൈഡ് സർവിസിന്റെ ഡയറക്ടർമാരായ സണ്ണിക്കുട്ടി, ബെന്നി ജോർജ് എന്നിവരുടെ സഹായങ്ങളും വിജേഷിനുണ്ട്.
ലിംക ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവയിൽ പേരു ചേർക്കാനുള്ള പരിശ്രമവും യാത്രക്ക് പിന്നിലുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30ന് കരിമുളക്കൽ ജങ്ഷനിൽനിന്നും യാത്ര പുറപ്പെടും. അഞ്ചുവർഷം മുമ്പ് യെസ്ഡി ബൈക്കിൽ കന്യാകുമാരി മുതൽ കശ്മീർ വരെ സഞ്ചരിച്ചിരുന്നതിന്റെ അനുഭവ സമ്പത്തുമായാണ് വിജേഷിന്റെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.