ചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി അഗ്നി രക്ഷസേന കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചാരുംമൂട് ടൗണിന് വടക്ക് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടക്ക് തീപിടിച്ചപ്പോൾ കായംകുളം, അടൂർ, മാവേലിക്കര ഭാഗത്തു നിന്നെത്തിയ അഗ്നി രക്ഷസേനയാണ് തീ പൂർണമായി അണച്ചത്. നാട്ടുകാരുടെ ഇടപെടലാണ് തീ ആളിപ്പടരുന്നത് തടഞ്ഞത്.
വർഷങ്ങളായി ചാരുംമൂട്ടിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് അഗ്നി രക്ഷ സേന കേന്ദ്രം. ചാരുംമൂട് കേന്ദ്രീകരിച്ച് അഗ്നി രക്ഷാ സേനയുടെ പ്രവർത്തനം തുടങ്ങുമെന്നും ഇതിനുള്ള നടപടികൾ പൂർത്തിയായതായും പല തവണ ജനപ്രതിനിധികൾ ഉറപ്പുനൽകിയിരുന്നു.
എന്നാൽ, ഇതുവരെയും ഇതിനുള്ള ഒരു നടപടികളും തുടങ്ങിയിട്ടില്ല. മേഖലയിൽ അപകടവും തീപിടുത്തമോ ഉണ്ടായാൽ കായംകുളം, അടൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നാണ് സേനയുടെ യൂനിറ്റുകൾ എത്തുന്നത്. 15 മുതൽ 20 വരെ കിലോമീറ്റർ വരെ ദൂരെയാണ് ഈ സ്ഥലങ്ങൾ. അതിനാൽ, തീപിടിത്തമുണ്ടാവുന്ന സ്ഥലത്തെത്താൻ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയം വേണ്ടി വരും.
അപ്പോഴേക്കും കടകളും മറ്റും തീപിടിച്ച് നശിച്ചിരിക്കും. കെ.പി. റോഡിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും മഴക്കാലത്ത് മരങ്ങളും മറ്റും റോഡിൽ ഒടിഞ്ഞുവീഴുമ്പോഴും ഇതുതന്നെയാണ് സ്ഥിതി.
മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വ്യാപാര സ്ഥാപനങ്ങളിലെ അഗ്നിബാധ മൂലം കോടികളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്. ഏതാനം വർഷത്തിനുള്ളിൽ നിരവധി കച്ചവട സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. ചാരുംമൂട്ടിൽ അഗ്നിരക്ഷ സേന കേന്ദ്രം സ്ഥാപിച്ചാൽ ചുനക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം ഭരണിക്കാവ് പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനപ്പെടും. ചാരുംമൂട് ജങ്ഷന് സമീപം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് കിഴക്ക് ഭാഗത്തായി കാടുകയറി ഒഴിഞ്ഞുകിടക്കുന്ന കല്ലട ജലസേചന കനാൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇതിനുയോഗിക്കാൻ അനുയോജ്യമാണ്. ഭാവിയിൽ നൂറനാട് ലെപ്രസി സാനട്ടോറിയത്തിന്റെ സ്ഥലം, സ്ഥിരമായ കേന്ദ്രം സ്ഥാപിക്കുന്നതിനായും ഉപയോഗിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.