ചാരുംമൂട്: മഴ ശക്തമായതോടെ അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് ആറ്റിൽ ഒഴുക്ക് ശക്തമായത്. വെള്ളിയാഴ്ച വൈകീട്ടു മുതൽ ജലനിരപ്പ് വർധിക്കുകയാണ്. ഇതുമൂലം ആറിന്റെ വശങ്ങളിലേക്കു ശക്തമായി വെള്ളം കയറിത്തുടങ്ങി.
വെള്ളം ഇനിയും ഉയർന്നാൽ തീരത്തെ വീടുകൾ വെള്ളത്തിലാകും. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അച്ചൻകോവിൽ ആറ് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വെൺമണി, നൂറനാട് പഞ്ചായത്തിലെ ആറ്റുവ, ചെറുമുഖ പ്രദേശങ്ങളിലെ നൂറിലധികം വീടുകൾ വെള്ളത്തിലായിരുന്നു.
ഒരുദിവസം കൊണ്ടായിരുന്നു അന്ന് വെള്ളം ആറിന്റെ ഇരുകരയിലേക്കും ഇരച്ചുകയറിയത്. ആഴ്ചകളോളം പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. നൂറനാട് പഞ്ചായത്തിലെ ചെറുമുഖ, ആറ്റുവ പ്രദേശങ്ങൾ പൂർണമായും ആറിനോട് ചേർന്നു നിൽക്കുന്ന സ്ഥലങ്ങളാണ്. ഇതേ അവസ്ഥയാണ് ഐരാണിക്കുടി മുതൽ വെട്ടിയാർ വരെയുള്ള പ്രദേശങ്ങളും. വെൺമണി പഞ്ചായത്തിന്റെ പ്രദേശങ്ങളാണ് ആറിന്റെ വടക്കൻ പ്രദേശങ്ങൾ. അച്ചൻകോവിലാറിൽ ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ട് തകർന്ന നിലയിലാണ്.
ചെറുമുഖ, ആറ്റുവ പ്രദേശങ്ങളിൽ ബണ്ടുകൾ, സംരക്ഷണഭിത്തികൾ എന്നിവയുടെ അഭാവമാണ് കരകളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്താൻ കാരണം. ചേനത്ത് കടവിന്റെ ഭാഗത്ത് ബണ്ട് കെട്ടി ചീപ്പ് നിർമിക്കണമെന്നത് വർഷങ്ങളായി നാട്ടുകാരുടെ ആവശ്യമാണ്. ചീപ്പ് നിർമിച്ചാൽ ഒരു പരിധി വരെ വെള്ളക്കെട്ട് തടയാൻ കഴിയും.
വെള്ളപ്പൊക്കത്തിൽ നൂറനാടിനെയും വെൺമണിയെയും ബന്ധിപ്പിക്കുന്ന ശാർങക്കാവ് പാലം ഒഴുകിപ്പോയിരുന്നു. എന്നാൽ, പുതിയ പാലം നിർമാണം തുടങ്ങിയെങ്കിലും അപ്രോച്ച് റോഡടക്കം നിർമാണം പൂർത്തീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.