കോവിഡുകാലത്ത് യുക്രെയ്നിൽനിന്ന് ആലപ്പുഴയിലെത്തിയ അതിഥിയാണ് യാഹു എന്ന നായ്. മെഡിക്കൽ വിദ്യാർഥികളായ ദമ്പതികൾക്കൊപ്പം ആറായിരത്തിലധികം കിലോമീറ്റർ വിമാനമാർഗം സഞ്ചരിച്ചാണ് യാഹു എത്തിയത്. ചുരുങ്ങിയ നാളുകൾകൊണ്ട് ദമ്പതികളുടെ കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും പ്രിയങ്കരനായിയിരിക്കുയാണ് യാഹു.
ചാരുംമൂട് ടൗണിനുസമീപം പാലമൂട് അമൃതബിന്ദുവിൽ ആദർശ്, ഭാര്യ മാളവിക രാജേഷ് എന്നിവരാണ് യുക്രെയ്നിൽനിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോൾ വളർത്തുനായ് യാഹുവിനെയും കൂടെ കൂട്ടിയത്. ശൈത്യമുള്ള രാജ്യങ്ങളിൽ മാത്രം കാണുന്ന യോർക്ക് ഷെയർ ടെരിയർ ഇനത്തിൽപെട്ട നായാണ് ഇത്. ഒന്നര വയസ്സാണ്. മൂന്നു കിലോയുണ്ട്. ശരീരമാസകലം നീണ്ട മുടിയുള്ളതാണ് കഠിന തണുപ്പിനെ അതിജീവിക്കാൻ ഇവയെ സഹായിക്കുന്നത്.
കാഴ്ചക്ക് കൗതുകക്കാരനെങ്കിലും ഭയപ്പെടുത്തുന്ന കുരയാണ് മറ്റൊരു പ്രത്യേകത. കാഴ്ചശക്തിയും കേൾവിയും കൂടുതലാണ്. ഒരുലക്ഷത്തോളം രൂപ വിലയുള്ള ഇനമാണിത്. യാഹുവിന് നാട്ടിലേക്കുള്ള യാത്രയൊരുക്കാൻ പാസ്പോർട്ട് ഉൾപ്പെടെ ഏറെ കടമ്പകൾ കടക്കേണ്ടിവന്നതായി ആദർശും മാളവികയും പറഞ്ഞു. നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങൾക്കൊപ്പം അയൽവാസികൾക്കും യാഹു ഇഷ്ടക്കാരനായി.
അവധിക്കാലം കഴിഞ്ഞ് മടങ്ങുമ്പോൾ യാഹുവിനെ തിരികെ കൊണ്ടുപോകാനായിരുന്നു തീരുമാനമെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി യാഹുവിനെ നാട്ടിൽ നിർത്താനുള്ള തീരുമാനത്തിലാണ് ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.