ആലപ്പുഴ: ശബരിമല യാത്ര സുഗമമാക്കുന്ന നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽ പാതയുടെ നിർമാണത്തിന് കേന്ദ്രസർക്കാറിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതി വേണം. റെയിൽവേ നിർമാണ കൺസൾട്ടൻസി നടത്തിയ പഠനത്തിൽ 6,480 കോടി ചെലവുവരുമെന്നാണ് പ്രാഥമിക കണക്ക്. പണി പൂർത്തിയാകുമ്പോൾ ഇത് 7208.24 കോടിയായി ഉയരുമെന്നും പറയുന്നു. പദ്ധതിയുടെ പ്രവർത്തനാധികാരം ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനാണ്.
ഫാസ്റ്റ് റെയിൽ ട്രാൻസിസ്റ്റ് സിസ്റ്റം എന്ന ആധുനിക ബ്രോഡ് ഗേജ് ഇരട്ടപ്പാത അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് തുടങ്ങി പമ്പയിൽ അവസാനിക്കുന്ന പാതയുടെ നീളം 59.23 കിലോമീറ്ററാണ്. ചെങ്ങന്നൂരിൽനിന്ന് പുറപ്പെട്ട് കല്ലിശ്ശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുന്നത്.
ചെങ്ങന്നൂർ, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. 22 പാലങ്ങളും 20 തുരങ്കങ്ങളും നിർമിക്കും. ആലപ്പുഴ ജില്ലയിൽ പുലിയൂർ, ആല, മുളക്കുഴ പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്. പദ്ധതിക്ക് 213.687 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇതിൽ 127.038 ഹെക്ടർ സ്വകാര്യഭൂമിയും 81.367 ഹെക്ടർ വനഭൂമിയും ഉൾപ്പെടും. വനഭൂമിയുള്ളതിനാൽ പരിസ്ഥിതി പ്രതിരോധ ഉപാധികൾ ഉൾപ്പെടുത്തിട്ടുണ്ട്. 20 തുരങ്കങ്ങൾക്ക് 14.34 കിലോമീറ്ററും പാലങ്ങൾക്ക് 14.52 കിലോമീറ്ററും നീളമുണ്ടാകും. പാതയുടെ പകുതിയും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ്. ഇരട്ടപ്പാതയായതിനാൽ ട്രാക്കിന്റെ ആകെ നീളം 126.16 കിലോമീറ്ററാണ്. പാത ശബരിമല സീസണിൽ മാത്രമാകും തുറക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടകരുടെ യാത്ര സുഗമമാകും. റോഡിലെ ഗതാഗതക്കുരുക്ക് കുറക്കാനാവും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് 100 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 125 കിലോമീറ്ററുമാണ് ചെങ്ങന്നൂരിൽ നിന്നുള്ള ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.