ചേർത്തല: അഞ്ച് പതിറ്റാണ്ടോളമായി റേഡിയോ ഷൺമുഖെൻറ നിഴലായി മാറിയിട്ട്. എവിടെപ്പോയാലും റേഡിയോ കൂടെക്കൊണ്ടുപോകുന്നത് ഇന്നും തുടരുകയാണ്. ചേർത്തല നഗരസഭ 21ാം വാർഡിൽ കിഴക്കേ അരീപറമ്പിൽ കെ.ജി. ഷൺമുഖൻ (82) റേഡിയോ ഒരു ദിവസം പോലും ഉപയോഗിക്കാതിരുന്നിട്ടില്ല.
കയർ ഫാക്ടറി തൊഴിലാളിയായ ഷൺമുഖൻ ജോലിക്ക് പോകുമ്പോൾ റേഡിയോ കൊണ്ടുപോകും. കയർ പിരിക്കുന്നതിനിടെ പാട്ടുകളും കഥകളും നാടകങ്ങളും സംഗീതക്കച്ചേരിയും കൂടാതെ വയലും വീടുംവരെ ഇടമുറിയാതെ കേട്ടുക്കൊണ്ടിരിക്കും. ജോലി കഴിഞ്ഞ് വീട്ടിൽചെന്നാലും കുളികഴിഞ്ഞാലുടൻ റേഡിയോ ഓണാക്കും.
ആദ്യഘട്ടത്തിൽ രണ്ട് ബാറ്ററി ഇടുന്ന ത്രീ ബാൻഡ് റേഡിയോയാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോ വാങ്ങിയത്. മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർ പോക്കറ്റ് റേഡിയോ കൊണ്ടുവരുന്നത് ഷൺമുഖൻ ആരാധനയോടെ കണ്ടിട്ടുണ്ട്. കയർ തൊഴിലാളിയായ ഷൺമുഖന് തുടക്കത്തിൽ 70 രൂപയായിരുന്നു കൂലി കിട്ടിയിരുന്നത്. റേഡിയോ വാങ്ങണമെന്ന ആഗ്രഹം കടുത്തതോടെ കൂലികിട്ടിയ 70 രൂപ കടയിൽ കൊടുത്ത് 210 രൂപവിലയുള്ള റേഡിയോ വാങ്ങി. ബാക്കി തുക ഘട്ടംഘട്ടമായാണ് കൊടുത്തത്. ഒരു തിരുവോണദിവസമാണ് റേഡിയോ വാങ്ങിയത്.
ഭാര്യ രാധക്ക് ആദ്യമൊക്കെ അലോസരമെന്ന് തോന്നിയെങ്കിലും പിന്നീട് അവരും റേഡിയോയുടെ ഭാഗമായി. സ്റ്റേഷൻ തുറക്കുമ്പോൾ തന്നെ ഷൺമുഖൻ റേഡിയോ ഓൺ ചെയ്യും. രാത്രിയിൽ നിലയം ഓഫാക്കുന്നതുവരെ കേൾക്കും. കയർ തൊഴിൽ ഒഴിവാക്കി ലോട്ടറി കച്ചവടം തുടങ്ങിയ ഷൺമുഖന് അപ്പോഴും റേഡിയോ ജോലിയുടെ ഭാഗമായിരുന്നു. മുന്നിൽ നിരത്തിയ ലോട്ടറിയുടെ മുകളിൽ ഗമയോടെ റേഡിയോ ഉച്ചത്തിൽവെക്കും.
ഇതിനോടകം ചെറുതും വലുതുമായ 25ഓളം റേഡിയോ വാങ്ങിയിട്ടുണ്ട്. അസുഖം വന്നാൽ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിക്കാൻ കൂട്ടാക്കാറില്ലെങ്കിലും റേഡിയോക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അപ്പോൾ തന്നെ റിപ്പയർ ചെയ്യിക്കും. കോവിഡ് കാലമായതിനാൽ ഇപ്പോൾ വീട് വിട്ട് പോകാറില്ലെങ്കിലും റേഡിയോവിട്ട് കളിയില്ല ഷൺമുഖന്. ഉഷാകുമാരി, നടരാജൻ, രാജീവ് എന്നിവരാണ് മക്കൾ. രാജീവ് അറിയപ്പെടുന്ന മിമിക്രി കലാകാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.