കായംകുളം: ഒാണാട്ടുകരയുടെ തനത് സംസ്കൃതിയുടെ ഭാഗമായ 'തഴപ്പാട്ട്' ഇതിവൃത്തമാക്കിയ ഗാനം ചൂട്ട് മോഹനൻ എന്ന അനുഗൃഹീത ഗായകനിലൂടെ മലബാറിലും തരംഗമാകുന്നു. മധ്യതിരുവിതാംകൂറിെൻറ പൈതൃകമായ തഴപ്പായ നിർമാണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ 'നെയ്തെടുത്ത ജീവിതങ്ങൾ' എന്ന ഡോക്യുമെൻററിയിലെ പാട്ടാണ് വൈറലായത്.
'പണമാണ് വലുതെന്ന് ആരോ പറഞ്ഞു, പണമല്ല വലുതെന്ന് ലോകമറിഞ്ഞു' എന്ന് തുടങ്ങുന്ന പാട്ടിലൂടെ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ കാമ്പ്രത്തുകണ്ടി മോഹൻദാസ് (57) എന്ന ചൂട്ട് മോഹനൻ നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിൽ താരമായിരുന്നു. കത്തിച്ചാൽ കെട്ടുപോകുകയും കെട്ടുപോയാൽ ആളിക്കത്തുകയും ചെയ്യുന്ന ചൂട്ടിെൻറ പ്രത്യേകത മുൻനിർത്തി സുഹൃത്തുക്കളിട്ട പേരാണ് ചൂട്ടു മോഹനൻ. അദ്ദേഹത്തിെൻറ ആലാപനം ശ്രദ്ധയിൽപ്പെട്ട ഡോക്യുമെൻററി സംവിധായകനായ അനിമങ്കാണ് തഴപ്പാട്ടിലെ ഗാനം പാടാൻ ആവശ്യപ്പെട്ടത്. 'കുളക്കരയിലെ കൈത പൂത്തപ്പോൾ കാതുകുത്തിയ പെണ്ണേ' എന്ന പാട്ട് മൂവായിരത്തോളം പേർ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചതോടെ മോഹെൻറ ശബ്ദം ലക്ഷങ്ങളാണ് കേട്ടത്.
ഡോക്യുമെൻററിയിൽ ഗാനം ആലപിച്ചത് പുതുപ്പള്ളിക്കാരിയായ സാവിത്രിയമ്മ (79) ആയിരുന്നു. ഒാണാട്ടുകരയുടെ തനതുശൈലിയിലുള്ള പാട്ട് മലബാറുകാരെൻറ സ്വരമാധുര്യത്താലും ശ്രദ്ധേയമായിരിക്കുകയാണ്. തഴപ്പായ നിർമാണവും അത് നേരിടുന്ന പ്രതിസന്ധിയുമാണ് ഡോക്യുമെൻററിയിലൂടെ വരച്ചുകാട്ടിയത്. അതിരുകളിൽ വേലികൾ തീർത്തിരുന്ന കൈതക്കാടുകളുടെയും തഴപ്പായ നിർമാണത്തിെൻറയും ഗൃഹാതുരത്വ ഒാർമകളിലേക്ക് മലയാളിയെ എത്തിക്കാൻ പാട്ടിന് കഴിഞ്ഞിരുന്നു.
പാട്ടുകളും കഥകളും തമാശകളും ഒക്കെയായി പരിചയപ്പെടുന്നവരുടെ മനസ്സിൽ ഇടംപിടിക്കുന്ന 'ഒരഡാറ് മൊതലാണ്' ചൂട്ട് മോഹനൻ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പെയിൻറിംഗ് തൊഴിലാളിയായ ഇദ്ദേഹം നാടക നടനും പ്രാദേശിക ഗാനമേള ട്രൂപ്പുകളിലെ ഗായകനുമാണ്. 'പണമാണ് വലുതെന്ന് ആരോ പറഞ്ഞു, പണമല്ല വലുതെന്ന് ലോകമറിഞ്ഞു' എന്ന ഗാനരചനയോടെ എഴുത്തിലേക്കും കൈവെച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാറിെൻറ ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ ഇൗ പാട്ട് ഉൾപ്പെട്ടതോടെയാണ് ശ്രദ്ധ നേടിയത്. ഇതിെൻറ സംഗീതം നിർവഹിച്ചതും മോഹനനായിരുന്നു.
സുഹൃത്തുക്കളുടെ പിന്തുണയാണ് പരിമിതികൾ നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറാൻ കരുത്ത് പകരുന്നതെന്നാണ് മോഹനെൻറ അഭിപ്രായം. ഭാര്യ ശോഭയുടെയും മകൾ കൃഷ്ണേന്ദുവിേൻറയും പ്രോൽസാഹനവുമുണ്ടെന്ന് ഈ കലാകാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.