അരൂർ: എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര, നരിയാണ്ടി പ്രദേശത്തെ ജനങ്ങൾക്ക് തീരപരിപാലന നിയമം വിനയാകുന്നു. നാലുവശവും കരിനിലങ്ങളാലും കായലുകളാലും ചുറ്റപ്പെട്ട പ്രദേശങ്ങളാണിത്. ഓരിന്റെ ആധിക്യംമൂലം ജീർണിച്ച വീടുകൾ അനവധി. നീണ്ടകര നരിയാണ്ടി പ്രദേശങ്ങളിൽ 400ലേറെ കുടുംബങ്ങൾ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിലുണ്ടെങ്കിലും വീടിന് അറ്റകുറ്റപ്പണി പോലും നടത്താനാകുന്നില്ല.
വീട് പുനർനിർമിക്കണമെങ്കിൽ പഞ്ചായത്തിന്റെ അനുമതി ലഭിക്കണം. തീരപരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയർമാർക്ക് ഇവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ കഴിയുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് പദ്ധതി, ത്രിതല പഞ്ചായത്തുകൾ എന്നിവവഴി വർഷവും ഗുണഭോക്തൃ പട്ടികയിൽ ഒട്ടേറെപേർ ഇടംപിടിക്കുന്നുണ്ട്. എന്നാൽ, വീടുകൾ നിർമിക്കാനുള്ള അനുമതിക്കായി ഓഫിസുകൾ കയറിയിറങ്ങുന്നതല്ലാതെ ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മാർച്ച് 31നകം പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗുണഭോക്താക്കൾ വീടുകളുടെ നിർമാണം തുടങ്ങണം. എന്നാൽ, തീരപരിപാലന നിയമത്തിൽ കുരുങ്ങിയതിനാൽ പ്രാഥമിക നടപടികൾപോലും തീർക്കാൻ കഴിയുന്നില്ല.
നീണ്ടകര, നരിയാണ്ടി കൂടാതെ മറ്റു വാർഡുകളിലായി അറുന്നൂറോളം ഗുണഭോക്താക്കളാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്. ഓരിന്റെ ആധിക്യംമൂലം കായലോരങ്ങളിലെ വീടുകളുടെ ഭിത്തികൾ നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.