കായംകുളം: എസ്.എഫ്.ഐ നേതാവിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ മറവിൽ കോളജ് പ്രവേശനം നൽകിയ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഒരേസമയം രണ്ട് സർവകലാശാലകളിൽ പഠിക്കുകയെന്ന ഗുരുതര നിയമലംഘനം നടത്തിയ വിദ്യാർഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എം.എസ്.എം കോളജ് യൂനിയൻ ചെയർമാൻ പി. മുഹമ്മദ് ഇർഫാൻ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി കരസ്ഥമാക്കിയ ബിരുദ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഉപരിപഠനത്തിന് പ്രവേശനം നൽകിയ നടപടി അംഗീകരിക്കാനാവില്ല. കോളജ് അധികൃതരുടെയും സർവകലാശാലയുടെയും ഭാഗത്തുനിന്ന് അന്യായമായ ഇടപെടലുകൾ ഉണ്ടായി. ഈ കാലയളവിൽ കോളജ് യൂനിയൻ കൗൺസിലറും സർവകലാശാല യൂനിയൻ ഭാരവാഹിയുമായി പ്രവർത്തിച്ചതിലൂടെ വിദ്യാർഥി സമൂഹത്തെ ഒന്നടങ്കമാണ് വഞ്ചിച്ചിരിക്കുന്നത്.
വീഴ്ച വരുത്തിയ എസ്.എഫ്.ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രവിലേജുണ്ടെങ്കിൽ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ കോളജുകളിൽ പ്രവേശനം നേടാമെന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണെന്ന് ഫ്രറ്റേണിറ്റി എം.എസ്.എം കോളജ് യൂനിറ്റ് കമ്മിറ്റി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയ എസ്.എഫ്.ഐ നേതാവിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണം.
അധികാരികളെ കൂട്ടുപിടിച്ചുള്ള എസ്.എഫ്.ഐയുടെ ധാർഷ്ട്യം എം.എസ്.എം കോളജിൽ അനുവദിക്കില്ലെന്നും ഇതിനെതിരെ പ്രചാരണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
എസ്.എഫ്.ഐ നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടത് അധ്യാപക സംഘടന നേതാക്കളുടെ പിൻബലത്തിൽ നടന്ന അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണം.
വിഷയത്തിൽ ശക്തമായ സമരങ്ങൾ നടത്താനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ബാദുഷ ബഷീർ അധ്യക്ഷതവഹിച്ചു. ഇജാസ് ലിയാഖത്ത്, അൻഷാദ് കരുവിൽപിടിക, നസ്മൽ ഐക്കര, എം.എച്ച്. ഉനൈസ്, ബാദുഷ, ഇഹ്സാൻ, ദുൽക്കി, നൗഫൽ, സഹദ് തുടങ്ങിയവർ സംസാരിച്ചു.
പരീക്ഷകളിൽ തോറ്റ എസ്.എഫ്.ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോമിന് അഡ്മിഷൻ നേടി പഠനം തുടരുന്ന സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് അധികൃതർ തയാറാകണം. വിഷയത്തിൽ കെ.എസ്.യു നടത്തുന്ന ഇടപെടലുകൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും ഇരുവരും അറിയിച്ചു.
അന്വേഷണം വേണം
- ഫ്രറ്റേണിറ്റി
കായംകുളം: എം.എസ്.എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് എസ്.എഫ്.ഐ നേതാവ് പ്രവേശനം നേടിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോളജ് അധികൃതർ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ പി.ജിക്ക് പ്രവേശനം കൊടുത്ത നടപടി അപലപനീയമാണ്. വ്യാജ സർട്ടിഫിക്കറ്റുകളിലൂടെ
എസ്.എഫ്.ഐ കാമ്പസുകളിൽ നടത്തുന്ന കടന്നു കയറ്റത്തിന് ഇതിലൂടെ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.
വ്യാജ രേഖകളിലൂടെ പ്രവേശനം നേടിയ വിദ്യാർഥി കോളജിലും സര്വകലാശാലയിലും ഭാരവാഹിത്വം വഹിച്ചത് ഗുരുതര കുറ്റകൃത്യമാണ്.
മറ്റ് വിദ്യാർഥി സംഘടനകൾക്ക് ഇടംനൽകാത്ത എസ്.എഫ്.ഐ കാമ്പസുകളിൽ നടന്ന മുഴുവൻ പ്രവർത്തനവും അന്വേഷണ വിധേയമാക്കണം. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്റ് സഹൽ വടുതല, ജനറൽ സെക്രട്ടറി സഫറുല്ല, ഭാരവാഹികളായ സൻജീത, സഈദ്, ദീപ്തി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.