ആലപ്പുഴ: കോവിഡ് 19 തകിടംമറിച്ച വിനോദസഞ്ചാര മേഖലയുടെ ഭാഗമായ ഹോം സ്റ്റേകൾ കടുത്ത നിലനിൽപ് ഭീഷണിയിൽ. മറ്റു ടൂറിസം കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി കടലിനോടും കായലിനോടും ചേർന്ന് ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ ഹോം സ്റ്റേകളുള്ളത്. 200ലേറെ അംഗീകൃത ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിലും മറ്റുമായി നൂറിനടുത്ത് വേറെയുമുണ്ട്. സ്വന്തം ഉടമസ്ഥതയിൽ നടത്തിവന്നവർ വിവിധ ബിസിനസ് സംരംഭങ്ങൾ ആരംഭിച്ച് വൈവിധ്യവത്കരണത്തിന് ഒരുങ്ങുന്നു. വാടകക്ക് എടുത്ത് നടത്തിവന്നവർ കെട്ടിടം തിരികെ നൽകി അഡ്വാൻസായും മറ്റും ലഭിച്ച തുക ഉപയോഗിച്ച് സ്വയം തൊഴിൽ കണ്ടെത്തുകയുമാണ്. ഈ മേഖലയുമായി നേരിട്ടും അല്ലാതെയുമായി പതിനായിരങ്ങളാണ് ജീവനോപാധി കണ്ടെത്തിയിരുന്നത്.
ഇടക്കിടെയുണ്ടാകുന്ന സാംക്രമിക രോഗങ്ങൾ നേരത്തേതന്നെ കേരളത്തിലെ ടൂറിസം മേഖലയുടെ പ്രഭകെടുത്തിയിരുന്നു. രണ്ട് പ്രളയത്തെയും അതിജീവിച്ച് കരകയറുന്നതിനിടയാണ് കോവിഡ് സ്ഥിതിഗതികൾ പാടെ അട്ടിമറിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ അടക്കേണ്ട കെട്ടിട-തൊഴിൽ നികുതികളും ആരോഗ്യവകുപ്പിന് അടക്കേണ്ട പ്രത്യേക ഫീസിനും പുറമെ ത്രീഫേസ് വൈദ്യുതി കണക്ഷനായി ഹോം സ്റ്റേകൾക്ക് ഉയർന്ന താരിഫുമാണ്.
പലരും ചെറിയ റസ്റ്റാറൻറുകളും കാറ്ററിങ് സർവിസും പലചരക്ക്-സ്റ്റേഷനറി കടകളിലേക്കും വഴിമാറിയിരിക്കുകയാണ്. വീടിനോട് ചേർന്ന് നടത്തിയിരുന്നവർ കുടുംബാംഗങ്ങളുടെ ആവശ്യത്തിനായി ഈ സ്ഥലം പ്രയോജനപ്പെടുത്തുകയാണ്. ഇൻഡോർ പ്ലാൻറ്, കേക്ക് നിർമാണം തുടങ്ങിയവ പലരും തുടങ്ങി. വാടകക്ക് എടുത്ത് നടത്തിയിരുന്നവർ കാറ്ററിങ്ങിനു പുറമെ വഴിയോര പച്ചക്കറി, ചിപ്സ് വ്യാപാരം, ഓൺലൈൻ മത്സ്യവിൽപന എന്നിവയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് നിരോധന ഭാഗമായി പേപ്പർ കവർ നിർമാണ യൂനിറ്റ് ആരംഭിച്ച നിരവധി പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.