ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം മരിച്ച ഷിബിനയുടെ കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട റിപ്പോർട്ട് മെഡിക്കൽ കോളേജ് അധികൃതർ വൈകിപ്പിക്കുന്നതിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന് അതൃപ്തി. ഇക്കാര്യത്തിൽ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ സമർപ്പിക്കാനും അല്ലാത്തപക്ഷം നടപടി സ്വീകരിക്കേണ്ടിവരുമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് മുന്നറിയിപ്പ് നൽകി. കമീഷൻ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 28നാണ് പുറക്കാട് കരൂർ തൈവേലിക്കകം ജെ. അൻസാറിന്റെ ഭാര്യ ഷിബിന (31) മരിച്ചത്. ഷിബിന ചികിത്സയിലിരുന്ന സമയത്തെ ലാബ് പരിശോധനഫലം, സംബന്ധിച്ച് അന്വേഷണം നടത്തിയും ഷിബിനയുടെയും നവജാതശിശുവിന്റെയും ചികിത്സാരേഖകൾ വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കിയാൽ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് കമീഷൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായമായി അടച്ച തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂനിയൻ ജനറൽസെക്രട്ടറി ക്ലീറ്റസ് വെളിയിൽ നൽകിയ പരാതിയിൽ വിരമിച്ച മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിലേക്ക് അവർ അടച്ച വിഹിതം തിരികെ നൽകുന്ന വിരമിക്കൽ ആനുകൂല്യ പദ്ധതി സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ക്ഷേമനിധി ബോർഡ് റിപ്പോർട്ട് നൽകി.
പള്ളിപ്പുറം സ്വദേശിനിക്ക് ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് വാർധക്യകാല പെൻഷൻ അനുവദിക്കുന്നില്ലെന്ന പരാതി പരിഗണിച്ച കമീഷൻ ഉടൻ തന്നെ പെൻഷൻ അനുവദിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർടപടികൾ അവസാനിപ്പിച്ചു. സിറ്റിങ്ങിൽ 11 പരാതികൾ പരിഗണിച്ചതിൽ മൂന്നെണ്ണം തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.