ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 സാമ്പത്തികവർഷം ജില്ലയുടെ തൊഴിൽ ബജറ്റിന് ഭാഗിക അംഗീകാരം. ആവശ്യപ്പെട്ട 1.25 കോടി തൊഴിൽദിനങ്ങൾക്ക് പകരം 64.72 ലക്ഷം തൊഴിൽദിനങ്ങൾ മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. തൊഴിലുറപ്പ് പദ്ധതി പുരോഗതി വിലയിരുത്തിയശേഷം ബാക്കി തൊഴിൽദിനങ്ങൾക്ക് അംഗീകാരം നൽകൂവെന്നാണ് വിവരം. കഴിഞ്ഞവർഷം ആദ്യഘട്ടത്തിലും സമാനരീതിയിലാണ് ഇത് അനുവദിച്ചത്.
കഴിഞ്ഞ സാമ്പത്തികവർഷം ആദ്യഘട്ടം ജില്ലക്ക് 64.66 ലക്ഷം തൊഴിൽ ദിനങ്ങളാണ് അനുവദിച്ചത്. അത് സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ തീർന്നു. പിന്നീട് ഒരുകോടിയായി വർധിപ്പിച്ചു. എന്നാൽ, സാമ്പത്തികവർഷം തീരാറായപ്പോൾ അതും തീർന്നു. തൊഴിൽ ബജറ്റിനേക്കാൾ കൂടുതൽ തൊഴിൽ സൃഷ്ടിച്ചതോടെ 1.04 കോടിയായി ഉയർന്നു. തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്ന് 333 രൂപയായി കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽപേർ തൊഴിൽതേടി എത്തുമെന്ന പ്രതീക്ഷയിലാണ് ഇക്കുറി 1.25 കോടി തൊഴിൽദിനങ്ങൾ കണക്കാക്കി ബജറ്റ് തയാറാക്കിയത്.
തൊഴിലിൽ മുന്നിൽ നിൽക്കുന്നത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്താണ്. ഈ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ തൊഴിൽ നൽകിയത്. 14.90 ലക്ഷം തൊഴിൽ ദിനങ്ങളാണ് കഞ്ഞിക്കുഴിയിലെ അഞ്ച് പഞ്ചായത്തും ചേർന്ന് നൽകിയത്. പഞ്ചായത്തുകളിൽ മുന്നിൽ തണ്ണീർമുക്കമാണ്. 4.03 ലക്ഷം തൊഴിൽദിനങ്ങളാണ് തണ്ണീർമുക്കം പഞ്ചായത്ത് നൽകിയത്. കഞ്ഞിക്കുഴി-3.23 ലക്ഷം തൊഴിൽദിനങ്ങൾ നൽകി. മറ്റുള്ളവ രണ്ടുലക്ഷത്തിനും രണ്ടരലക്ഷത്തിനും ഇടയിലാണ് നൽകിയത്.
കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിയിൽ 9693 കുടുംബത്തിനാണ് 100 തൊഴിൽദിനം ലഭിച്ചത്. തൊഴിൽ നൽകുന്നതിൽ ഏറ്റവും പിന്നിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്താണ്. ഇവിടെ അഞ്ച് പഞ്ചായത്തുംകൂടി ആകെ നൽകിയത് 3.69 ലക്ഷം തൊഴിൽദിനം മാത്രമാണ്. ഇതിൽ 51,442 തൊഴിൽദിനം നൽകിയ തഴക്കര പഞ്ചായത്താണ് ഏറ്റവും പിന്നിൽ. മുൻവർഷത്തെ മാനദണ്ഡങ്ങളനുസരിച്ച് പഞ്ചായത്തുകളിൽ വിവിധ ജോലികൾ ആരംഭിച്ചിട്ടുണ്ട്. മുൻവർഷം ഒരു പഞ്ചായത്തിൽ ഒരേസമയം ചെയ്യാവുന്ന ജോലികൾ 20 ആയി നിജപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഇതിൽ മാറ്റംവരുത്തി.
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ നൽകിയ തൊഴിൽദിനങ്ങളുടെ എണ്ണം ഒരുകോടി കടന്ന് മുന്നേറ്റം. കഴിഞ്ഞവർഷം 1.13 കോടി തൊഴിൽദിനങ്ങളാണ് നൽകിയത്. ഇതോടെ തുടർച്ചയായി മൂന്നുവർഷം കോടി തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയായി ആലപ്പുഴ മാറി. 2019-20 സാമ്പത്തികവർഷം 7.57 ലക്ഷം തൊഴിൽദിനം മാത്രമാണ് സൃഷ്ടിക്കാനായത്. 2020-21 സാമ്പത്തികവർഷം 1.04 കോടിയായും 2021-22ൽ 1.13 കോടിയായും ഉയർന്നു. എന്നാൽ, ഒരേസമയം ചെയ്യാവുന്ന ജോലികളുടെ എണ്ണം നിജപ്പെടുത്തുകയും തൊഴിൽദിനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്ത കേന്ദ്ര നിലപാടിനെത്തുടർന്ന് ഈ വർഷം പദ്ധതി പ്രതിസന്ധിയിലായിരുന്നു.
2022-23 സാമ്പത്തികവർഷം ജില്ലയിൽ 1,54,181 കുടുംബത്തിന് 1,04,52,418 തൊഴിൽദിനമാണ് സൃഷ്ടിച്ചത്. 39,040 കുടുംബത്തിന് 100 ദിനം തൊഴിൽ നൽകി. പട്ടികവർഗ വിഭാഗത്തിൽ 556 കുടുംബത്തിന് 53,122 തൊഴിൽദിനം നൽകാനായി. 55 കുടുംബത്തിന് 200 ദിനങ്ങളിലും 210 കുടുംബങ്ങൾക്ക് 100 ദിനങ്ങളിലും തൊഴിൽ നൽകി. 406.58 കോടി രൂപയാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.