ആലപ്പുഴ: ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകിയിരുന്ന സബ്സിഡി നിർത്തലാക്കിയ ഉത്തരവിൽ ദേദഗതി. ആഗസ്റ്റ് ഒന്ന് മുതൽ സബ്സിസി നിർത്തലാക്കിയെന്ന് കാണിച്ചുള്ള ഉത്തരവ് ഈമാസം 11നാണ് ഇറങ്ങിയത്. തുടർന്ന് 12 മുതൽ പുതുക്കിയ നിരക്ക് ഹോട്ടലുകൾ ഈടാക്കി തുടങ്ങിയിരുന്നു. ഉച്ചയൂണിന് 30ഉം പാർസിലിന് 35 രൂപയും ഈടാക്കാമെന്നും ചോറിനൊപ്പം തോരൻ, അച്ചാർ, നാടൻ വിഭവം ഉൾപ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും (സാമ്പാർ, രസം, മോരുകറി, പരിപ്പ്, മീൻകറി) എന്നിവ നിർബന്ധമായിരിക്കണം എന്നുമായിരുന്നു ഉത്തരവ്.
എന്നാൽ, ആഗസ്റ്റ് ഒന്ന് മുതൽ 11 വരെയുള്ള സബ്സിഡി തുകയുടെ കാര്യം അനിശ്ചിതത്വത്തിലായി. കുടിശ്ശികക്ക് പുറമെ ഇത്രയുംദിവസത്തെ വരുമാനത്തിന്റെ വലിയൊരു ശതമാനംകൂടി നഷ്ടപ്പെടുമെന്ന ആശങ്കയും ഹോട്ടലുകൾക്ക് ഉണ്ടായി. ഇതുസംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ സർക്കാറിനോട് അപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്. ആ ദിവസത്തെ ഊണിന്റെ തുകകൂടി സർക്കാർ നൽകുമെന്നും നിർത്തലാക്കിയെന്ന ഉത്തരവ് ആഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഭേദഗതി വരുത്തിയ ഉത്തരവിൽ പറയുന്നു.
വിലകൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ജില്ല കലക്ടർ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനുമായ ജില്ല ആസൂത്രണ സമിതിയാണ്. നേരത്തേ ഹോട്ടലുകളുടെ സബ്സിഡിക്ക് അപേക്ഷ നൽകിയിരുന്നതും ഡി.പി.സി യോഗം ചേർന്നായിരുന്നു.
40 കോടിയിലധികം രൂപയാണ് സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് കിട്ടാനുള്ളത്. ആറും ഏഴും മാസമായി സബ്സിഡി തുക പല ജില്ലകളിലും ലഭിച്ചിട്ടില്ല. നിലവിൽ ജനകീയ ഹോട്ടലുകളിൽ പുതുക്കിയ നിരക്കിലാണ് വിൽപന. പുതിയ നിർദേശം ഗുണകരമാണെന്നാണ് നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. 20 രൂപക്ക് ഊണ് നൽകിയിരുന്നപ്പോൾ സർക്കാർ സബ്സിഡിയായ 10 രൂപ കിട്ടാൻ മാസങ്ങളോളം കാത്തിരിക്കണം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇനി മുതൽ ഊണ് നൽകിയാലുടൻ 10 രൂപ കിട്ടുമെന്നതാണ് മെച്ചം. ഇതിനൊപ്പം സ്വന്തമായി വരുമാനം കൂട്ടാൻ കഴിയും. ഇതിൽ പ്രധാനമാണ് സ്പെഷൽ വിഭവങ്ങൾ. അതത് സംരംഭകൻ നിശ്ചയിക്കുന്ന തുക ഈടാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.