ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയെ സ്കൂട്ടറിലെത്തി ഇടിച്ച് വീഴ്ത്തി ധരിച്ചിരുന്ന ആഭരണങ്ങൾ കവർന്നു. കരിപ്പുഴ നാലുകെട്ടും കവല കവലക്കൽ രവിയുടെ മകൾ ആര്യയുടെ(23) ആഭരണങ്ങളാണ് കവർന്നത്. ശനിയാഴ്ച രാത്രി 7.45 ഓടെ മുട്ടം എൻ.ടി.പി.സി റോഡിലായിരുന്നു സംഭവം.
രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിലെത്തിയ രണ്ടു പേർ ആര്യയുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആര്യയെ രക്ഷിക്കാൻ എന്ന വ്യാജേന അടുത്തെത്തിയ ഇവർ ഒരു കാലിൽ കിടന്ന പാദസരം ബലമായി ഊരിയെടുത്തു. കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരം പൊട്ടിച്ചെടുക്കുകയും ഇരു കൈകളിലും കിടന്ന രണ്ട് മോതിരവും കൈ ചെയിനും ബലമായി ഊരിയെടുക്കുകയുമായിരുന്നു. മൂന്ന് പവൻ സ്വർണം നഷ്ടമായതായാണ് റിപ്പോർട്ട്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ആര്യ പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു. സംഭവ സമയത്ത് നല്ല മഴയും റോഡ് വിജനവും ആയതിനാൽ നിലവിളിച്ചിട്ട് പോലും രക്ഷപ്പെടുത്താൻ ആരും എത്തിയില്ലെന്നും ആര്യ പറഞ്ഞു. കരിയിലകുളങ്ങര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.