ഹരിപ്പാട്: തനിച്ച് താമസിച്ച വൃദ്ധയെ വീടുകയറി ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ. ചേപ്പാട് മുട്ടം തേശ്ശേരിൽ തെക്കതിൽ വീട്ടിൽ ബിജികുമാറാണ് (49) കരീലകുളങ്ങര പൊലീസിന്റെ പിടിയിലായത്. പത്തിയൂർ മൂന്നാംവാർഡിൽ ശ്രീകൃഷ്ണ ഭവനത്തിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാധമ്മ പിള്ളയെ (73) ആക്രമിച്ചാണ് അവർ ധരിച്ചിരുന്ന ഒമ്പതുപവൻ കവർന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. വീടിനുള്ളിൽ കയറി പതിയിരുന്ന പ്രതി വയോധികയെ ആക്രമിച്ച് കീഴ്പ്പെടുത്തിയശേഷം മാലയും നാല് വളകളും കവർന്നെടുക്കുകയായിരുന്നു. മുട്ടം ചൂണ്ടുപലക മുക്കിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി.
കഴിഞ്ഞ മേയിൽ ചേപ്പാട് തെക്കേവീട്ടിൽ 85 വയസ്സുള്ള കുസുമം എന്ന വയോധികയെ ആക്രമിച്ച് ഒന്നരപ്പവൻ സ്വർണമാല കവർന്ന കേസിലും ഇയാൾ പ്രതിയാണ്. പ്രതിയുടെ ബന്ധുവാണ് ഈ വയോധിക. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ നിർദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി ജി. അജയനാഥ്, കരീലകുളങ്ങര എസ്.എച്ച്.ഒ ഏലിയാസ് പി.ജോർജ്, സബ് ഇൻസ്പെക്ടർ എം.സി. അഭിലാഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജി.സജീവ് കുമാർ, കെ. ലതിക, സിവിൽ പൊലീസ് ഓഫിസർമാരായ മണിക്കുട്ടൻ, ഇയാസ്, ശരത് കുമാർ, ഷമീർ, അമൽ, ലിജു, ഉണ്ണികൃഷ്ണൻ, അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.