ഹരിപ്പാട്: തൃക്കുന്നപ്പുഴ പല്ലനയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിവരുംവഴി ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പ്രതികളായ തിരുവനന്തപുരം കടയ്ക്കാവൂർ റോയ് നിവാസിൽ റോയി റോക്കി (26), കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് നിഷാന്ത് (29) എന്നിവരെ ഉച്ചയോടെയാണ് തെളിവെടുപ്പിനായി തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതികളെ കൊല്ലം പോലീസാണ് അറസ്റ്റ് ചെയ്തിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ കോടതി പ്രതികളെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. തൃക്കുന്നപ്പുഴ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കായംകുളം സ്റ്റേഷനിൽ കൊണ്ടുപോയി വിരലടയാളം ശേഖരിച്ചു. രാത്രി ഏഴ് മണിയോടെ സംഭവം ഉണ്ടായ പല്ലന കലവറ ജങ്ഷനിലും കുമാരനാശാൻ സ്മാരക ഹൈസ്കൂളിന് സമീപവും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം തിരിച്ചറിയൽ നടത്തുന്നതിനായി പാനൂർ സ്കൂളിന് പടിഞ്ഞാറ് ഭാഗത്തെ വീട്ടിൽ എത്തി.
വലിയ ജനക്കൂട്ടമാണ് അവിടെ ഉണ്ടായിരുന്നത്. സംഘർഷാവസ്ഥ ഭയന്ന് പ്രതികളെ ജീപ്പിൽ നിന്നും ഇറക്കിയില്ല. ജീപ്പിൽ ഇരുത്തിയുള്ള തിരിച്ചറിയൽ പരേഡ് അനുവദിക്കില്ലെന്നും പ്രതികളെ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് കൂടിനിന്നവർ ഒച്ചയുണ്ടാക്കിയതോടെ പ്രതികളുമായി പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു പോയി.
നാളെ പ്രതികളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കും. വണ്ടാനം മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്റ്റന്‍റ് തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമാ മൻസിലിൽ സുബിനക്ക് നേരെ കഴിഞ്ഞ 20ന് രാത്രി പതിനൊന്നേ മുക്കാലോടെയാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.