ഹരിപ്പാട്: കുടുംബത്തിലെ സന്തോഷ മുഹൂർത്തങ്ങളെല്ലാം ഓർമകളിൽ അയവിറക്കി ജീവിക്കുന്ന സ്നേഹവീട്ടിലെ അമ്മമാർക്ക് ദിവ്യയുടെ കല്യാണം പകർന്നുനൽകിയത് ആഹ്ലാദത്തിന്റെ ഒരു പിടി മുഹൂർത്തങ്ങൾ. സുധിനും ദിവ്യയും വരണമാല്യം ചാർത്തി ഒന്നാകുന്ന മംഗള മുഹൂർത്തം കൺനിറയെ കണ്ടും മനസ്സറിഞ്ഞ് പ്രാർഥിച്ചും അവർ ചടങ്ങിൽ പങ്കുകൊണ്ടപ്പോൾ ദിവ്യക്ക് സന്തോഷത്തോടൊപ്പം വാക്കുപാലിച്ചതിന്റെ സംതൃപ്തിയും. ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീടാണ് ശനിയാഴ്ച വിവാഹ വീടായത്.
ആലപ്പുഴ കിടങ്ങറ തട്ടാശ്ശേരിൽ സത്യൻ-ഉഷ ദമ്പതികളുടെ മകൻ സുധിനും തലവടി പത്തിശ്ശേരിൽ ഓമനക്കുട്ടൻ-സരള ദമ്പതികളുടെ മകൾ ദിവ്യയുമായുള്ള വിവാഹമാണ് സ്നേഹവീട്ടിലെ അന്തേവാസികളുടെ സാന്നിധ്യത്തിൽ നടന്നത്. ഗാന്ധിഭവൻ സ്നേഹവീട്ടിൽ കുടുംബത്തിലെ ചടങ്ങിനെത്തിയ ദിവ്യ അവിടത്തെ അമ്മമാരോട് വിവാഹത്തിന് ക്ഷണിക്കും, വരണം എന്ന് പറഞ്ഞിരുന്നു. അമ്മമാർ വരാമെന്നും ഏറ്റു. വിവാഹം തീരുമാനിച്ചപ്പോൾ ദിവ്യയുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അമ്മമാർക്ക് കൊടുത്ത വാക്കായിരുന്നു. അമ്മമാർ തന്റെ വീട്ടിൽ എത്തുന്നതിന് പരിമിതികൾ ഉണ്ടെന്ന് മനസ്സിലാക്കിയ ദിവ്യ വരന്റെയും തന്റെയും വീട്ടുകാരുടെ സമ്മതത്തോടെ ഗാന്ധിഭവൻതന്നെ കല്യാണമണ്ഡപം ആക്കാൻ തീരുമാനിച്ചു. ആചാരപ്രകാരം ലളിത ചടങ്ങുകളോടെ വിവാഹം നടന്നു.
ആലപ്പുഴ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എ. ശോഭ, ചെറുതന ഗ്രാമ പഞ്ചായത്ത് അംഗം എസ്. അനില എന്നിവരും എത്തി. വധൂവരന്മാർ യാത്ര ചോദിച്ചപ്പോൾ ഗാന്ധിഭവൻ കുടുംബാംഗങ്ങളുടെ കണ്ണുകൾ നിറഞ്ഞു. മകളെ യാത്രയാക്കുന്നതുപോലെ അമ്മമാർ വിതുമ്പി. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ, അംഗം പ്രണവം ശ്രീകുമാർ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.