ഹരിപ്പാട്: പക്ഷിപ്പനിയുടെ മറവിൽ അനധികൃതമായി നഷ്ടപരിഹാരം തട്ടിയെടുക്കാൻ ലോബി പ്രവർത്തിക്കുന്നതായി ആരോപണം. താറാവ് കർഷകർ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. പക്ഷിപ്പനിയുടെ യഥാർഥ നഷ്ടവും വ്യാപ്തിയും വസ്തുനിഷ്ഠമായി വിലയിരുത്തി വേണം അധികൃതർ നടപടി കൈക്കൊള്ളാനെന്നും അല്ലാത്തപക്ഷം പരിഹാര നടപടികൾ വൈകാൻ ഇടവരുത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
പള്ളിപ്പാട് പഞ്ചായത്തിലെ വഴുതാനം വടക്ക്, പടിഞ്ഞാറ് പാടശേഖരങ്ങളിലാണ് ഇക്കൊല്ലം പക്ഷിപ്പനി കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 19,694 താറാവുകളെയും 70 കോഴികളെയും അഗ്നിക്കിരയാക്കി. പക്ഷിപ്പനി ഭീതിയുടെ മറവിൽ മുൻകാലങ്ങളിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് ആക്ഷേപമുണ്ട്. 2016 മുതൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ കണക്കാക്കിയതിന്റെ മൂന്നിരട്ടിലധികം പക്ഷികളെയാണ് അന്ന് കൊന്നൊടുക്കിയത്.
രോഗമില്ലാത്ത പ്രദേശങ്ങളിൽനിന്ന് താറാവുകളെ രാത്രിയുടെ മറവിൽ രോഗം ബാധിച്ച സ്ഥലത്ത് എത്തിച്ചാണ് നഷ്ടപരിഹാര പട്ടികയിലാക്കി പണം തട്ടിയത്. വൻ ലോബിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
സർക്കാർ പ്രഖ്യാപിച്ച ഉയർന്ന നഷ്ടപരിഹാരമാണ് ഇവരെ ആകർഷിച്ചത്. വിപണിയിൽ 135 രൂപ വില ലഭിക്കുന്ന രണ്ടുമാസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങൾക്ക് 200 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. വളർത്താൻ കൊടുക്കുന്നതിനെക്കാൾ കൊല്ലാൻ കൊടുക്കുന്നതാണ് ലാഭമെന്ന് വന്നതോടെ തട്ടിപ്പിന് കളമൊരുങ്ങുകയായിരുന്നു. വ്യാജകർഷകരെ സൃഷ്ടിച്ച് ലക്ഷങ്ങളാണ് പലരും തട്ടിയത്. കുറെ വർഷങ്ങളായി ഈ പ്രവണത തുടരുകയാണ്.
കള്ളക്കളി മൃഗസംരക്ഷണ വകുപ്പ് അധികാരികൾക്ക് ബോധ്യപ്പെട്ടാലും അടിയന്തര സാഹചര്യമായതിനാൽ മറിച്ചൊരു തീരുമാനമെടുക്കാൻ കഴിയാതെ അവരും നിസ്സഹായരാകുന്നു. പക്ഷിപ്പനി ദുരന്തവേളയിൽ കൊന്നൊടുക്കുന്ന താറാവുകളുടെ ഇനം നോക്കിയാൽ തട്ടിപ്പ് വ്യക്തമാകും.
രണ്ടുമാസമുള്ള താറാവുകളെയായിരിക്കും ഏറ്റവും കൂടുതൽ കൊന്നൊടുക്കുക. മുട്ടയിടുന്ന താറാവിനെ സുരക്ഷിതമായി മാറ്റിയശേഷം കുഞ്ഞൻ താറാവിനെയാണ് കർഷകർ കൊന്നൊടുക്കാൻ നൽകുന്നത്. വലിയ താറാവുകൾക്ക് രോഗം ബാധിച്ചാൽ പോലും അധികപേരും പുറത്തു പറയില്ല. ചെറിയവക്ക് വിപണി വിലയെക്കാൾ കൂടുതൽ നഷ്ടപരിഹാരം ലഭിക്കുകയും വലിയ താറാവുകൾക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുന്നതാണ് കാരണം.
ഈ വർഷവും ഈ പ്രവണതക്ക് മാറ്റമില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഇക്കുറി നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതുമൂലമാണ് രോഗഭീതി പലരും മുതലെടുക്കാൻ അത്രകണ്ട് ശ്രമമില്ലാത്തത്. വളർത്തൽ മാനദണ്ഡം പാലിച്ചല്ലാത്തതിനാൽ കേന്ദ്രസഹായം കിട്ടില്ലെന്നാണ് സൂചന. ചിങ്ങത്തിൽ വിരിയിച്ച് ഇറക്കുന്ന താറാവുകൾക്കാണ് കഴിഞ്ഞ കുറെ വർഷങ്ങളായി രോഗം ബാധിക്കുന്നത്. ഈ സമയത്തുള്ള താറാവുകളുടെ ഉല്പാദനം പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്ക് നിരോധിക്കണമെന്ന് ഒരു കൂട്ടം കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.