ഹരിപ്പാട്: പരിശീലന തുഴച്ചിലിൽ പടക്കുതിരയെപ്പോലെ കുതിക്കുകയാണ് വീയപുരം ചുണ്ടൻ. എതിരാളികൾപോലും സമ്മതിച്ചുപോകുന്ന കരുത്ത്.
നെഹ്റു ട്രോഫിയിൽ മുത്തമിടാൻ സാധ്യതയുള്ള ചുണ്ടൻ വള്ളങ്ങളുടെ പട്ടികയുടെ മുകളിലാണ് വീയപുരം ചുണ്ടന്റെ സ്ഥാനം. വള്ളംകളി പ്രേമികൾ അറിയാതെ ആർപ്പോവിളിച്ച് പോകുന്ന തുഴച്ചിലിൽ ആവേശത്തിന്റെ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരത്തിനെ നിലംതൊടാതെ പറപ്പിക്കാൻ കരാറെടുത്തിരിക്കുന്നത്.
വീയപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 13 വാർഡുകളിലെ ജനങ്ങളുടെ കളിയാവേശത്തിൽ 2019ൽ പിറന്നുവീണ വീയപുരം ചുണ്ടൻ കുറഞ്ഞ നാളുകൊണ്ട് തന്നെ മുൻനിരക്കാരോടോപ്പമെത്തിയത് കഠിനാധ്വാനം കൊണ്ടാണ്. 2019ൽ വേമ്പനാട് ബോട്ട് ക്ലബും 2022ൽ പുന്നമട ബോട്ട് ക്ലബുമാണ് വീയപുരം ചുണ്ടനെ വീരനാക്കിയത്.
2022ൽ ഫൈനലിൽ മൂന്നാംസ്ഥാനം നേടിയത് പ്രതീക്ഷ വർധിപ്പിക്കുന്നു. വീരു എന്ന വിളിപ്പേരിലാണ് വീയപുരം ചുണ്ടൻ അറിയപ്പെടുന്നത്. മൂന്നാമത്തെ നെഹ്റു ട്രോഫിക്ക് നീരണിയുമ്പോൾ ആവേശം വാനോളമാണ്. പി.ബി.സിയുടെ 85 തുഴക്കാരും അഞ്ച് അമരക്കാരും ഏഴുനിലക്കാരും മറ്റൊരു ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് തുഴയെറിയാൻ ഒരുങ്ങുന്നത്.
നെഹ്റു ട്രോഫിയിൽ തുടർച്ചയായി മൂന്നുതവണ മുത്തമിട്ട തുഴച്ചിൽ ടീമാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബെന്നത് എതിരാളികളെ പേടിപ്പെടുത്തുന്നു. 2018ൽ പായിപ്പാടിനെയും 2019ൽ നടുഭാഗത്തെയും 2022ൽ മഹാദേവികാട് കാട്ടിൽതെക്കതിൽ ചുണ്ടനെയും ഒന്നാമതെത്തിച്ച പി.ബി.സി നേട്ടം ആവർത്തിക്കണമെന്ന അടങ്ങാത്ത മോഹത്തിലാണ്.
സി.ബി.എല്ലിൽ തുടർച്ചയായി രണ്ടുതവണ ജേതാക്കളാണ് പി.ബി.സി ഇക്കുറി വിജയം ആവർത്തിച്ചാൽ ഹാട്രിക്കെന്ന ചരിത്രംനേട്ടം കൂടി പി.ബി.സിക്ക് സ്വന്തമാകും. പള്ളാത്തുരുത്തിയിൽ നടക്കുന്ന പരിശീലന തുഴച്ചിൽ കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അലൻ മൂന്നതൈക്കലാണ് ക്യാപ്റ്റൻ, മകൻ എയിഡൻ മൂന്ന് തൈക്കലും ഒപ്പമുണ്ട്. വീയപുരം ചുണ്ടൻവള്ള സമിതിയുടെ രക്ഷാധികാരി പാപ്പച്ചനും പ്രസിഡന്റ് കോരുത് ജോണും സെക്രട്ടറി കെ.ആർ. രാജീവും ട്രഷറർ റഫീഖ് എ.സമദുമാണ്.
ആലപ്പുഴ: പുന്നമടക്കായലിൽ 12ന് നടക്കുന്ന 69ാമത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടൻ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജ്വല്ലറി സ്പോൺസർ ചെയ്യുന്ന പി.ടി. ചെറിയാൻ സ്മാരക കാഷ് അവാർഡ് (10,001 രൂപ) സമ്മാനമായി ലഭിക്കും. ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ A4 സൈസിലുള്ള വെള്ളക്കടലാസിൽ എഴുതി തപാലിൽ അയക്കണം. പോസ്റ്റ് കാർഡിൽ ലഭിക്കുന്നവ പരിഗണിക്കില്ല. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകൾ അയക്കുന്നവരുടെ എൻട്രികൾ തള്ളും. അയക്കുന്ന കവറിന് മുകളിൽ നെഹ്റു ട്രോഫി പ്രവചനമത്സരം- 2023 എന്നെഴുതണം. ഈമാസം 10 വരെ ലഭിക്കുന്ന എൻട്രികളാണ് പരിഗണിക്കുക. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.
അമ്പലപ്പുഴ: കരുമാടിയിലെ കലാ സാംസ്കാരിക സംഘടനയായ കരുമാടിക്കുട്ടൻസിന്റെ നേതൃത്വത്തിൽ കരുമാടി ജലോത്സവം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കുമെന്ന് പ്രസിഡന്റ് ബി. സജീവ്, ജനറൽ സെക്രട്ടറി ബിജു പി. മംഗലം, സെക്രട്ടറി രതിയമ്മ, കോഓഡിനേറ്റർ ഷാജി കരുമാടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2016 മുതലാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കരുമാടിക്കുട്ടൻസ് ജലോത്സവത്തിന് തുടക്കമിട്ടത്. കോവിഡുമൂലം മുടങ്ങിയ ജലോത്സവം പിന്നീട് പുനരാരംഭിച്ചു.
ചുണ്ടൻ, തെക്കനോടി, ഫൈബർ ചുണ്ടൻ, ഫൈബർ വെപ്പ്, ചെറുവള്ളങ്ങൾ മത്സരത്തിൽ മാറ്റുരക്കും. ആദ്യമായാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ജവഹർ തായങ്കരി, ആയാപറമ്പ് വലിയ ദിവാൻജി, വെള്ളംകുളങ്ങര എന്നീ ചുണ്ടനുകൾ മത്സരിക്കുന്നത്. ഫൈബർ കാറ്റഗറിയിൽ ഒറ്റത്തുഴ, രണ്ട് തുഴ, മൂന്നു തുഴ, നാലു തുഴ, അഞ്ചു തുഴ എന്നീ മത്സരങ്ങളും തടി കാറ്റഗറിയിൽ 14 തുഴ മത്സരവും കയാക് സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും നടക്കും.
മന്ത്രി സജി ചെറിയാൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. കായികപ്രതിഭകളെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അനുമോദിക്കും.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായർ സമ്മാനദാനം നിർവഹിക്കും. വിജയികൾക്ക് കാഷ് പ്രൈസും എവറോളിങ് ട്രോഫിയും നൽകും. 2008ലാണ് ജീവകാരുണ്യ-വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ കരുമാടിക്കുട്ടൻസ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.