ഹരിപ്പാട്: ചിങ്ങോലി ചൂരവിള ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്കും അധ്യാപകർക്കും വയറുവേദനയും വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ശേഖരിച്ച വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെയും വിസർജ്യത്തിൽ നോറോ വൈറസ് സാന്നിധ്യവും കണ്ടെത്തി.
ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ശേഖരിച്ച മൂന്നു സാമ്പിളുകളിലും 100 എം.എല്ലിന് 10 മുതൽ 12 വരെ കോളിഫോം ബാക്ടീരിയയുണ്ട്.
ജല അതോറിറ്റി നടത്തിയ പരിശോധനയിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇനി മഞ്ഞപ്പിത്ത പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ബാലാവകാശ കമീഷൻ അഡ്വ. ജലജ ചന്ദ്രൻ സ്കൂൾ സന്ദർശിച്ചു.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനു മുമ്പ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് സമ്മതപത്രം എഴുതി വാങ്ങണമെന്ന് പ്രധാനാധ്യാപികക്കും എസ്.എം.സി ചെയർപേഴ്സനും നിർദേശം നൽകി.
പഞ്ചായത്തുതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ആരോഗ്യ വിഭാഗം, ജല അതോറിറ്റി, പഞ്ചായത്ത് അധികൃതർ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ജില്ല ശിശുക്ഷേമ സമിതി ഓഫിസർ ടി.വി. മിനിമോൾ, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ പി. ചിഞ്ചു, വകുപ്പുതല സോഷ്യൽ വർക്കർ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ കമീഷന് ഒപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.